അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ സൗദി ലീഗില്‍ കളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നൈജീരിയന്‍ ഡിഫന്‍ഡറായ ഇസുചുകു ആന്റണി. പ്രീമിയം ടൈംസ് നൈജീരിയയിലൂടെ പ്രതികരിക്കുകയായിരുന്നു ആന്റണി.
‘എന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു റൊണാള്‍ഡോക്കെതിരെ കളിച്ചത്. മത്സരത്തില്‍ അവനെ കണ്ടപ്പോള്‍ എനിക്ക് വലിയ വെല്ലുവിളിയായി തോന്നി. എന്റെ കഴിവ് പരിശോധിക്കാനുള്ള ഒരു മത്സരം കൂടിയായിരുന്നു അത്,’ ഇസുചുകു ആന്റണി പറഞ്ഞു.
റൊണാള്‍ഡോക്കെതിരെ കളിച്ച അവസാന മത്സരത്തിലെ നിമിഷങ്ങളെ കുറിച്ചും നൈജീരിയന്‍ ഡിഫന്‍ഡര്‍ പങ്കുവെച്ചു.
‘ഞങ്ങള്‍ അവസാനമായി കളിച്ചപ്പോള്‍ മത്സരം 1-1 എന്നനിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ ഞങ്ങള്‍ ഗോള്‍ നേടി. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ശരിക്കുമുള്ള ഒരു പരീക്ഷണത്തിന് തയ്യാറാവണമെന്ന ദിവസമാണ് ഇതെന്നെനിക്ക് തോന്നി. എനിക്കെപ്പോഴും ഓര്‍ക്കാന്‍ ഉള്ളൊരു മികച്ച കളിയായിരിക്കും ഇതെന്ന് ഞാന്‍ കരുതി. മത്സരത്തില്‍ എപ്പോഴും റൊണാള്‍ഡോയെ നേരിടണമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞാനത് നന്നായി ചെയ്തു. മത്സരത്തിനു ശേഷവും റൊണാള്‍ഡോയുടെ പേര് മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി,’ ആന്റണി കൂട്ടിച്ചേര്‍ത്തു.
സൗദി പ്രോ ലീഗില്‍ 2023 മെയ് എട്ടിന് നടന്ന മത്സരത്തില്‍ ആയിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. അല്‍ ഖലീജും അല്‍ നസറും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി സൗദി ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്കാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ തുടക്കം കുറിച്ചത്.
റൊണാള്‍ഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ പല പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സിമ, സാദിയോ മാനെ, മെഹറസ് തുടങ്ങിയ മികച്ച താരങ്ങള്‍ സൗദിയില്‍ എത്തിയിരുന്നു.
സൗദി വമ്പന്മാര്‍ക്കായി റൊണാള്‍ഡോ ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിനോടകം തന്നെ അല്‍ നസറിനായി 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. 2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു.