| Thursday, 11th August 2022, 2:10 pm

അച്ഛന്‍ കേസ് വാദിക്കുന്നത് കാണാന്‍ തിയേറ്ററിലെത്തി ഇസഹാഖ്; ചേര്‍ത്തുപിടിച്ച് മഞ്ജു, ചുറ്റും കൂടി താരങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം വന്‍ ഹൈപ്പിലാണ് തിയേറ്ററില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ഗെറ്റപ്പും ദേവദൂതര്‍ പാടിയെന്ന ഗാനരംഗത്തിലെ ഡാന്‍സുമെല്ലാം ചിത്രത്തിന് നല്‍കിയ മൈലേജ് ചെറുതല്ല.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും കനകം കാമിനി കലഹത്തിനും ശേഷം രതീഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമെന്ന നിലയിലും ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുമുള്ളത്. ചിത്രത്തിന് റിലീസ് ദിവസമായ ഇന്ന് പുറത്തുവിട്ട ക്യാപ്ഷനും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്തൊക്കെയാണെങ്കിലും ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മലയാളത്തിലെ താരനിര തന്നെ തിയേറ്ററിലെത്തിയിട്ടുണ്ട്.

ആ കൂട്ടത്തില്‍ ഒരു കുഞ്ഞു സെലിബ്രിറ്റി കൂടി ഉണ്ടായിരുന്നു. മറ്റാരുമല്ല ചാക്കോച്ചന്റെ മകന്‍ ഇസഹാഖായിരുന്നു അച്ഛന്റെ കേസിന്റെ വാദം സ്‌ക്രീനില്‍ കാണാനായി തിയേറ്ററിലെത്തിയത്.

അച്ഛന്റെ സിനിമ കാണാനെത്തിയ കുഞ്ഞ് ഇസഹാഖിനോടുള്ള താരങ്ങളുടെ സ്‌നേഹവും വളരെ കൂളായി എല്ലാവരോടും ഇടപെടുന്ന ഇസഹാഖിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മഞ്ജു വാര്യര്‍, ഗീതുമോഹന്‍ ദാസ് രമേഷ് പിഷാരടി, റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെല്ലാം ആദ്യ ഷോയ്ക്കായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പമെല്ലാം വളരെ കൂളായാണ് ഇസു ഇടപെടുന്നത്.

ഇസുവിനോട് ചില കോമഡി നമ്പറുകള്‍ പറയുന്ന രമേഷ് പിഷാരടിയേയും വീഡിയോയില്‍ കാണാം. ആദ്യ ഷോയുടെ ടെന്‍ഷനുമായി കുഞ്ചാക്കോ നില്‍ക്കുമ്പോള്‍ വളരെ കൂളായി ഓടിനടക്കുന്ന ഇസുവിലാണ് താരങ്ങളുടെയെല്ലാം ശ്രദ്ധ. ഇസഹാഖിന്റെ ഓരോ വിശേഷങ്ങളും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇസുവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.

അതിനിടെ സിനിമയുടെ പോസ്റ്റര്‍ ക്യാപ്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെ വിശദീകരണവുമായി എത്തിയിട്ടുണ്ട്. തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴികളുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതോടെ ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനവും ബഹിഷ്‌കരണ ക്യാമ്പെയ്നും വന്നിരുന്നു.

എന്നാല്‍ ചിത്രത്തില്‍ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സര്‍ക്കാരിനെയൊ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇത് സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ പോലും നമ്മള്‍ കാണിക്കുന്നില്ല. മലയാളികള്‍ എത്രയോ വര്‍ഷങ്ങളായി കണ്ടും കേട്ടും അനുഭവിച്ചും പോകുന്ന ചില കാര്യങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Izahaak Kunchacko came theatre for watching nna than kesu kodu movie

We use cookies to give you the best possible experience. Learn more