| Thursday, 4th August 2016, 8:24 pm

എമിറേറ്റ്‌സില്‍ ലാപ്‌ടോപ്പ് തിരഞ്ഞവരെയും പോത്തിറച്ചി കൊണ്ടുവന്നവരെയും കളിയാക്കുന്നവര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്താണ് അവര്‍ ചെയ്ത തെറ്റ്, ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് ലോകം പുകഴ്ത്തിയ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു അവര്‍, ലോകത്തെ ഏറ്റവും തിരക്കേറിയ, സുരക്ഷയിലും സംവിധാനങ്ങളിലും ലോകത്തിലെ തന്നെ മുന്തിയ ദുബായി വിമാനത്താവളത്തിന്റെ  റണ്‍വേയിലായിരുന്നു അവര്‍. എമര്‍ജന്‍സി ലാന്റിംഗ് നടത്തിയപ്പോള്‍,വരാന്‍ പോകുന്നത് വലിയ ദുരന്തമാണെന്ന് അവരില്‍ ഒരാള്‍ പോലും വിചാരിച്ച് കാണില്ല.



| ഒപ്പീനിയന്‍: ഐപ്പ് വള്ളിക്കാടന്‍ |


ട്രോളന്‍മാരും, ചില മഞ്ഞപ്പത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും, വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇപ്പോള്‍ എമിറേറ്റ്‌സ് വിമാനം കത്തിയമരും മുന്‍പ് ബാഗുകളെടുക്കാന്‍ തത്രപ്പാട് കാട്ടിയ മലയാളി പ്രവാസികളെക്കുറിച്ചാണ് പടച്ചുവിടുന്നത്.
മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഈ വിമാനത്തിലെ രക്ഷപെട്ട  യാത്രക്കാരുമായി സംസാരിക്കുകയായിരുന്നു ഞാന്‍. ആ കൂട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒക്കെയുണ്ടായിരുന്നു.

എന്താണ് അവര്‍ ചെയ്ത തെറ്റ്, ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് ലോകം പുകഴ്ത്തിയ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു അവര്‍, ലോകത്തെ ഏറ്റവും തിരക്കേറിയ, സുരക്ഷയിലും സംവിധാനങ്ങളിലും ലോകത്തിലെ തന്നെ മുന്തിയ ദുബായി വിമാനത്താവളത്തിന്റെ  റണ്‍വേയിലായിരുന്നു അവര്‍,

എമര്‍ജന്‍സി ലാന്റിംഗ് നടത്തിയപ്പോള്‍,വരാന്‍ പോകുന്നത് വലിയ ദുരന്തമാണെന്ന് അവരില്‍ ഒരാള്‍ പോലും വിചാരിച്ച് കാണില്ല, ലാപ്‌ടോപ്പിനും,ബാഗിനും വേണ്ടി പരക്കം പായുന്ന നിങ്ങളെല്ലാം കണ്ടുവെന്ന് പറയുന്ന വിമാനത്തിനുള്ളിലെ വീഡിയോ ഞാനും കണ്ടു അതിലെ ഓരോ ശബ്ദവും കേട്ടു, അതില്‍ ഉള്‍പ്പെട്ടവരെ നേരിട്ട് കണ്ട് സംസാരിച്ചു.

വീഡിയോവില്‍ പ്രധാനപ്പെട്ട ഒരു ശബ്ദം ഉണ്ടായിരുന്നു കൂടെയുള്ള മക്കളെ ആശ്വസിപ്പിക്കാന്‍ മലയാളിയായ ഒരു അപ്പന്‍ കുഴപ്പമില്ല മക്കളെ പെട്ടെന്ന് ഇറങ്ങു എന്ന് പറയുന്നത്…….

അതൊന്നും ട്രോളര്‍മാര്‍ കേട്ടതേയില്ല,ലാപ്‌ടോപ്പിനായി കേഴുന്നത് മാത്രമാണ് അവര്‍ കേട്ടതും കണ്ടതും..ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന സമയത്ത് എന്താണ് എടുത്തുകൊണ്ടോടേണ്ടതെന്ന് ആരെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? വിമാനത്തില്‍ യാത്ര ചെയ്ത് പ്രവാസികളോട് ചോദിക്കണം അവര്‍ നന്നായി പറഞ്ഞുതരും.

ലാപ് ടോപ്പ് ഇല്ലാത്തവര്‍ പോലും ചെറിയ വിലക്ക് ഒരു ലാപ് ടോപ്പ് ബാഗ് വാങ്ങും എന്നിട്ട് അതില്‍ കുറച്ച് സാധനങ്ങള്‍ തിരുകി കയറ്റും,ഇവരില്‍ ഇടക്കിടെ നാട്ടില്‍ പോകുന്നവര്‍ മുതല്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് വരുന്നവരും പോകുന്നവരും ഉണ്ടാകും.

ഈ ലാപ്‌ടോപ്പ് ബാഗിലാകും,അവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍,കഷ്ടപ്പാടിനിടയില്‍ പഠിച്ചുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍.. പുറത്ത് നിന്ന് ലാപ്‌ടോപ്പ് തിരയുന്നവരെ കളിയാക്കാന്‍ എന്ത് എളുപ്പമാണ്….

അതിനുള്ളിലെ രേഖകള്‍ നഷ്ടപ്പെട്ടവന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്കു.പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എംബസി ഇടപെട്ട് സംഘടിപ്പിക്കും,വീസ കത്തിക്കരിഞ്ഞാല്‍ ദുബായിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ശരിയാക്കിത്തരും,നാട്ടിലെ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എരിഞ്ഞില്ലാതായാല്‍,കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും,വിവാഹ ഉടന്പടിയും കരിഞ്ഞില്ലാതായാല്‍ എത്ര വാതിലുകള്‍ എത്ര തവണ കയറി ഇറങ്ങേണ്ടിവരും?

ഒന്നോര്‍ത്തുനോക്കു.പുറത്ത് സംഭവിക്കുന്നതറിയാതെ,വിമാനം പൊട്ടിതീപിടിക്കുമെന്നറിയാതെ ജീവനും കൊണ്ടോടുന്‌പോള്‍ കയ്യില്‍ കരുതാന്‍ പറ്റിയ ലാപ് ടോപ് ബാഗ് അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ്?
ഇതുകൊണ്ടാര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായോ?

തീപിടിച്ച ഓട്ടത്തിനിടയില്‍ അത് കയ്യില്‍ കിട്ടിയ ആ സാധാരണ പ്രവാസിയുടെ മുഖത്തെ സന്തോഷമെന്ന് ഓര്‍ക്കാന്‍ ശ്രമിക്കു ട്രോളര്‍ സഹോദരന്‍മാരെ

ഇനി വിമാനത്തിനകത്തെ ബാഗുകളില്‍ കണ്ട ഭക്ഷസാധനങ്ങളെപ്പറ്റിയാണ്…

എനിക്കും കിട്ടി ഒരു വാട്‌സ് ആപ്പ് സന്ദേശം..പരിക്ക് പറ്റിയവയില്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന പോത്തിറച്ചിയും,കപ്പ് വറുത്തതും,ചക്കയും ഒക്കെയുണ്ടെന്ന്.
നാട്ടിലിരിരുന്ന് ഇത് പെരുപ്പിച്ച് ട്രോളാക്കിയവരെ,വാട്‌സ് ആപ്പ് സന്ദേശമാക്കിയവരെ ഞാന്‍ ഒന്നും പറയുന്നില്ല..
നല്ല ശന്പളത്തോടെ,ശീതീകരിച്ച മുറികളില്‍ ജോലിയെടുക്കുന്നവര്‍ പോലും കൊതിക്കുന്ന ഒന്നുണ്ട് അത് നാട്ടിലെ രുചിയും മണവും മാത്രമാണ്.

നാട്ടില്‍ നിന്ന് വരുന്നവര്‍ കൊണ്ട് വരുന്ന ചിപ്‌സും ചക്കവറുത്തതും പൊടിപോലുമില്ലാതെ തിന്നു തീര്‍ക്കുന്ന പ്രവാസികളായ മഹാന്‍മാരാണ് ഇതൊക്കെ പടച്ചുവിടുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതെന്നറിയുന്‌പോള്‍ വല്ലാത്ത സുഖക്കേട്…..പറയാതെ വയ്യ..
നാട്ടിലേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് അവന്റെ അമ്മയോ ഭാര്യയോ മക്കളോ സ്‌നേഹത്തോടെ ഉണ്ടാക്കി നല്‍കിയ എന്തോരം സാധനങ്ങളുണ്ടാകും.അതവന്റെ നാവിലെത്തുന്‌പോഴുള്ള സുഖം അറിയണമെങ്കില്‍ ഈ പ്രവാസ ജീവിതം ഒന്നനുഭവിക്കണം.
നല്ല സാഹചര്യത്തില്‍ കഴിയുന്ന എനിക്ക് പോലും ഈ ജീവിതം മടുത്തു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
കാലം എത്ര മാറിയാലും എത്ര അമ്മച്ചി അടുക്കള ഹോട്ടലുകള്‍ ഗള്‍ഫിലുണ്ടായാലും നമ്മുടെ അടുപ്പത്ത് ചീന ചട്ടിയില്‍ വെളിച്ചെണ്ണയില്‍ കുറച്ച് പരദൂഷണവും സ്‌നേഹവും ഇടകലര്‍ത്തിയുണ്ടാക്കുന്ന രുചി കിട്ടില്ല..

ബാഗുകളെപ്പറ്റി

പിന്നെ ഉടുത്തൊരുങ്ങി നടക്കാന്‍ നല്ലൊരു ഉടുപ്പുപോലുമില്ലാതെ എല്ലാം കഴിഞ്ഞ വിമാനയാത്രയില്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തെയും ഞാന്‍ കണ്ടു മകള്‍ അമ്മയുടെ കുപ്പായമാണ് ഇട്ടിരിക്കുന്നതെന്ന് പറഞ്ഞു.ഞാന്‍ അവരെ കാണുന്‌പോള്‍,വസ്ത്രം വാങ്ങാന്‍ അവര്‍ പുറത്തേക്കിറങ്ങുകയായിരുന്നു.കയ്യില്‍ കരുതിയ ലാപ്‌ടോപ്പിനുള്ളില്‍ മക്കളുടെയും ഭാര്യയുടെയും പാസ്‌പോര്‍ട്ടും,സര്‍ട്ടിഫിക്കറ്റുകളും,ബാങ്ക് രേഖകളും ഉണ്ടായിരുന്നു.എല്ലാം ഭദ്രം പക്ഷേ,ലഗേജുകളില്‍ പെടുത്താതെ എല്ല് വിമാനകന്പനികളും ഭാരം പരിശോധിക്കാതെ കടത്തിവിടുന്ന ഒന്നു മാത്രമെയുള്ളൂ അത് ലാപ്‌ടോപ്പ് ബാഗാണ്.അതില്‍ അടിവസ്ത്രം മുതല്‍ അമ്മിക്കല്ല് വരെ കയറ്റിപ്പോകുന്ന പ്രവാസികളുണ്ടാകും.

അവരങ്ങനെയാണ്…. അവരെ ജീവിക്കാന്‍ അനുവദിക്കണം…

കടപ്പാട്: വള്ളിക്കാടന്‍

We use cookies to give you the best possible experience. Learn more