കോഴിക്കോട്: ഇത്തവണ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ മുമ്പ് രണ്ടു തവണയും കൈ വിട്ട കിരീടം നേടാനുറച്ചാണെന്നുള്ള സൂചനകള്‍ താരലേലത്തിനുതന്നെ വ്യക്തമായതാണ്. ആദ്യസീസണിലെ മലയാളികളുടെ ഹ്യൂമേട്ടനെ സി.കെ വിനീതിനൊപ്പം മൈതാനത്തിറക്കുമ്പോള്‍ എതിരാളികളുടെ നെഞ്ചു പിളര്‍ക്കുന്ന മുന്നേറ്റത്തിനായി കാത്തിരിക്കുകയയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.
മലയാളികളുടെ ആരവത്തിനൊപ്പം മഞ്ഞ ജഴ്‌സിയില്‍ മനം കുളിര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇയാന്‍ ഹ്യും ഇതിന് മുന്നോടിയായി കാനഡയില്‍ നിന്ന് ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ആഗ്രഹം വ്യക്തമാക്കുകയും ചെയ്തു. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ശ്രമിച്ച ഹ്യൂം ഒരു മണിക്കൂറാണ് ഫേസ്ബുക്ക് ലൈവില്‍ തുടര്‍ന്നത്.
മലയാളം പഠിക്കാന്‍ ശ്രമിച്ചെന്നും പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണിതെന്നും ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഹ്യൂം പറഞ്ഞു. മലയാളികളുടെ ഹ്യൂമേട്ടോ വിളി വല്ലാത്ത അനുഭവമാണെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്സില്‍ മെസിയെ കളിപ്പിക്കാനാഗ്രഹിക്കുന്നുണ്ടെന്നും ചോദ്യത്തിനു മറുപടിയായി ഹ്യൂം പറഞ്ഞു. ഫുട്ബാള്‍ കളി തന്റെ ജോലിയല്ലെന്നും തനിക്ക് കളിയോട് പ്രണയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.എല്‍ ആദ്യ സീസണില്‍ കേരളത്തിനുവേണ്ടി കളിച്ച ഇയാന്‍ ഹ്യൂം പിന്നീട് കൊല്‍ക്കത്ത അത്‌ലറ്റിക്കോയ്ക്ക് വേണ്ടിയാണ് ജഴ്‌സിയണിഞ്ഞത്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ് ഇയാന്‍ ഹ്യൂം.
വീഡിയോ കാണാം: