തിരുവനന്തപുരം: ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ സംരക്ഷിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് മോഹന്‍ലാലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്നത്.
മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി നടന് മാത്രമായി ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. ഈ ഉത്തരവ് രാജ്യത്തെ വനനിയമങ്ങളുടെ വ്യക്തമായ ലംഘനം ആണ്. അതേസമയം ഈ ഉത്തരവിന്റെ ആനുകൂല്യം മോഹന്‍ ലാലിന് അല്ലാതെ മറ്റാര്‍ക്കും നല്‍കിയിട്ടില്ല. സമാനമായ തെറ്റു ചെയ്തവര്‍ എല്ലാം ഇപ്പോഴും ശിക്ഷാനടപടികള്‍ നേരിടുകയാണ് ഉത്തരവ് പറയുന്നു.
മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നത്.
2011 ല്‍ ആണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ഇന്‍കം ടാസ്‌ക് അധികൃതര്‍ റെയ്ഡ് നടത്തിആനക്കൊമ്പ് പിടിച്ചെടുത്തത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പിടികൂടിയത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെന്നും, ഉടമസ്ഥാവകാശം മോഹന്‍ലാലിന്റെ പേരിലല്ലെന്നും വ്യക്തമായിരുന്നു.