| Saturday, 29th January 2022, 6:38 pm

ഞങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്; വെളിപ്പെടുത്തലുമായി ഇവാന്‍ വുകോമനൊവിച്ച്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു മത്സരത്തിന് തങ്ങളിപ്പോള്‍ മാനസികമായി തയ്യാറല്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനൊവിച്ച്. ടീമില്‍ എത്ര പേര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കുമെന്നറിയില്ലെന്നും തല്‍ക്കാലം നാളത്തെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

ടീമിലെ എല്ലാവരും കൊവിഡ് മുക്തരായി പരിശീലനത്തിനിറങ്ങിയിരുന്നു എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശ്വസിപ്പിക്കുന്നത്. ടീമിന്റെ മാര്‍ക്വി താരങ്ങളിലൊരാളായ അഡ്രിയാന്‍ ലൂണയായിരുന്നു അവസാനം ടീമിനൊപ്പം ചേര്‍ന്നത്.

എന്നാല്‍ വുകോമനൊവിച്ച് ഇനിയും കൊവിഡ് മുക്തനായിട്ടില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹ്‌മദ് ആയിരുന്നു പരിശീലത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേരള ടീം പരിശീലത്തിനിറങ്ങിത്തുടങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ഏഴ് താരങ്ങളാണ് ആദ്യഘട്ടത്തില്‍ പരിശീലനത്തിനിറങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബയോ സെക്യൂര്‍ ബബിളില്‍ കൊവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് ടീം മുഴുവന്‍ ക്വാറന്റൈനിലായിരുന്നു. പരിശീലനത്തിനിറങ്ങാനോ ജിം ഉപയോഗിക്കാനോ വീഡിയോ ഫുട്ടേജുകള്‍ കണ്ട് തന്ത്രങ്ങള്‍ മെനയാനോ ബ്ലാസ്റ്റേഴ്സിനോ വുകോമനൊവിച്ചിനോ കഴിഞ്ഞിരുന്നില്ല.

ജനുവരി 12ന് ഒഡീഷ എഫ്.സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ഒഡീഷയ്ക്കെതിരായ 2-0 ജയത്തിനു പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങളും മാറ്റി വെച്ചിരുന്നു. മുംബൈ സിറ്റി എഫ്.സിയ്ക്കും എ.ടി.കെ മോഹന്‍ ബഗാനുമെതിരായ മത്സരങ്ങളാണ് മാറ്റി വെച്ചത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്. 17 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു.

ബെംഗളൂരുവിനെതിരെയുള്ള ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ബെംഗളൂരുവിനെ തോല്‍പിച്ച് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

എന്നാല്‍ കേരളത്തിന് കാര്യങ്ങള്‍ അത്രയ്ക്ക് പന്തിയാവില്ല എന്നാണ് ബെംഗളൂരുവിന്റെ കഴിഞ്ഞ മത്സരം വ്യക്തമാക്കുന്നത്. ഐ.എസ്.എല്ലിലെ മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെ 3-0ത്തിന് തരിപ്പണമാക്കിയാണ് വിജയപാതയിലേക്ക് മടങ്ങിയെത്തിയത്.

കഴിഞ്ഞ അഞ്ച് മത്സരത്തില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ബ്ലൂസ് കൊമ്പന്‍മാരെ പിടിച്ചുകെട്ടാനുറച്ച് കളത്തിലിറങ്ങുന്നത്.

Content Highlight: Ivan Vukomanovich says Blasters are not mentally prepared for their next match against Bengaluru FC

We use cookies to give you the best possible experience. Learn more