| Friday, 7th October 2022, 3:25 pm

ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ കരുത്തര്‍ വേറെയുണ്ട്; കിക്ക് ഓഫിന് മുമ്പ് വുകോമനൊവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരി തെളിയാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. കഴിഞ്ഞ സീസണിന് സമാനമായി മികച്ച പ്രകടനം തന്നെ ആവര്‍ത്തിക്കാനാണ് കൊമ്പന്‍മാരും മഞ്ഞപ്പടയും കാത്തിരിക്കുന്നത്.

മികച്ച ടീമിനെ കെട്ടിപ്പടുത്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ പുതിയ സീസണിനൊരുങ്ങുന്നത്. ഇവാന്‍ വുകോമനൊവിച്ച് എന്ന ചാണക്യന്റെ തലയിലുദിക്കുന്ന തന്ത്രങ്ങള്‍ കൊമ്പന്‍മാരെ തങ്ങളുടെ ആദ്യ കിരീടത്തിനൊപ്പമെത്തിക്കുമെന്നാണ് മഞ്ഞപ്പട കണക്കുകൂട്ടുന്നത്.

കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും തെന്നിമാറിയ ആ കിരീടം നേടിയെതുക്കാന്‍ തന്നെയാവും ഇവാന്‍ വുകോമനൊവിച്ച് എന്ന ആശാനും പിള്ളേരും ഗ്രൗണ്ടിലേക്കിറങ്ങുന്നതെന്നുറപ്പാണ്.

ഒമ്പതാം സീസണിന് വിസില്‍ മുഴങ്ങാന്‍ അധിക നേരം ബാക്കിയില്ലെന്നിരിക്കെ ടീമിന്റെ ജയസാധ്യതകളെ കുറിച്ച് മനസുതുറക്കുകയാണ് വുകോമനൊവിച്ച്. കേരളം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും എന്നാല്‍ കേരളത്തേക്കാള്‍ ശക്തരായ ടീമുകള്‍ വേറെ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി, എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്. സി എന്നിവരെയാണ് കൊമ്പന്‍മാരു
ടെ പാപ്പാന്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നത്.

‘ഒരു ടീമിന് അടിസ്ഥാനമായി വേണ്ടത് സ്ഥിരതയാണ്. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് ആ സ്ഥിരത നിലനിര്‍ത്തിപ്പോരുകയാണ്. പരിശീലക സംഘവും മെഡിക്കല്‍ ടീമും ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് ശുഭാപ്തിയോടെ മുന്നേറുകയാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ച് സമ്മര്‍ദ്ദങ്ങളില്ല.

ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, എ.ടി.കെ മോഹന്‍ ബഗാന്‍ എന്നിവരാണ് നിലവില്‍ കരുത്തരെന്ന് തോന്നുന്നത്.

കഴിഞ്ഞ സീസണില്‍ പല അപ്രതീക്ഷിത ഫലങ്ങളും കണ്ടതാണ്. ഇത്തവണയും അതുപോലെയാണ്. അതിനാല്‍ തന്നെ സ്വന്തം കഴിവില്‍ വിശ്വസിച്ച് കളിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.

കഴിഞ്ഞ സീസണിന് മുമ്പുള്ള പല സീസണിലും ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല, എന്നാല്‍ കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ നമ്മള്‍ക്കായി.

പുതിയ താരങ്ങളും പുതിയ പരിശീലകരും ടീമിന്റെ ഭാഗമായ സാഹചര്യത്തില്‍ ഈസ്റ്റ് ബംഗാളും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറയുന്നു.

ഇത്തവണ ഏത് ടീമിനും ഏത് ടീമിനെയും തോല്‍പിക്കാന്‍ സാധിക്കുമെന്നും വുകോമനൊവിച്ച് കൂട്ടിച്ചേര്‍ത്തു.

‘ഈ സീസണിലും ആര്‍ക്കും ആരെയും തോല്‍പ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ സീസണിനേക്കാള്‍ ഏറെ വ്യത്യസ്തമായിരിക്കും ഈ സീസണ്‍. ഇത്തവണ മത്സരങ്ങള്‍ സ്‌റ്റേഡിയത്തിലേക്കെത്തുന്നു, അതിലും പ്രധാനമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുമ്പിലേക്കെത്തുന്നു എന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം.

ഇതുവരെയുള്ള ടീമിന്റെ പ്രീ സീസണില്‍ ഞാന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. ഇത്തവണയും കഴിവിന്റെ പരമാവധി തന്നെ ഞങ്ങള്‍ പുറത്തെടുക്കും,’ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 7.30നാണ് പുതിയ സീസണിന്റെ കിക്ക് ഓഫ്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.

Content Highlight: Ivan Vukomanovich aboutKerala blasters and new season

Latest Stories

We use cookies to give you the best possible experience. Learn more