കൊച്ചി: ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ഇവാന്‍ വുകോമനോവിച്ച് ചുമതലയേറ്റു. സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയത്.
ബല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളില്‍ പരിശീലകന്‍ ആയിരുന്നു വുകോമനോവിച്ച്. 43കാരനായ അദ്ദേഹം കോച്ചിങ് കരിയര്‍ ആരംഭിക്കുന്നത് ബല്‍ജിയന്‍ പ്രോ ലീഗ് ക്ലബ് സ്റ്റാന്‍ഡേഡ് ലിഗെയ്‌ക്കൊപ്പമാണ്.
2014 ഒക്ടോബറില്‍ ഹെഡ് കോച്ചായ വുകോമനോവിച്ച് 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളില്‍ ക്ലബിനെ പരിശീലിപ്പിച്ചിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവുന്ന ആദ്യത്തെ സെര്‍ബിയനാണ് വുകോമനോവിച്ച്.
അതേസമയം, കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ വിദേശ കളിക്കാരുമായുള്ള കരാറും ക്ലബ് റദ്ദാക്കിയിട്ടുണ്ട്. വിസന്റെ ഗോമസ്, ഗാരി ഹൂപ്പര്‍, ഫാക്കുണ്ടോ പെരേര, ജോര്‍ഡാന്‍ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയന്‍സു എന്നിവരുമായുള്ള കരാര്‍ ആണ് ക്ലബ് അവസാനിപ്പിച്ചത്.