കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്
Football
കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th December 2023, 3:11 pm

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വിലക്ക്. ഐ.എസ്.എല്ലിലെ റഫറിമാരെ വിമര്‍ശിച്ചതിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വുകോമാനോവിച്ചിനെ വിലക്കിയത്. ഒരു മത്സരത്തില്‍ വിലക്കും 50, 000 രൂപ പിഴയുമാണ് ശിക്ഷയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ശിക്ഷ വിധിച്ചത്.

ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനുശേഷമാണ് ഇവാന്‍ റഫറിമാരെ വിമര്‍ശിച്ചത്. മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ എടുത്തു കാണിക്കുകയായിരുന്നു ഇവാന്‍.

മത്സരത്തില്‍ ഉണ്ടായ ഒരു ഓഫ് സൈഡും ചെന്നൈ മത്സരത്തില്‍ നേടിയ രണ്ടാമത്തെ ഗോളിലും കളിക്കളത്തില്‍ റഫറിമാരുടെ തെറ്റുകൊണ്ടാണെന്നായിരുന്നു ഇവാന്റെ വിമര്‍ശനം.

‘ആദ്യ ഗോള്‍ നേടുന്ന സമയത്ത് കളിക്കാരന്‍ ഓഫ് സൈഡ് പൊസിഷനില്‍ ആയിരുന്നു. ആ സമയത്ത് മത്സരത്തില്‍ റഫറിമാര്‍ പ്രതികരിച്ചില്ല. എനിക്ക് മടുത്തു ഞാന്‍ അതിനെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെ മത്സരത്തില്‍ ഉണ്ടായ ആ ഫൗള്‍ അത് റഫറിമാര്‍ എങ്ങനെ കാണാതിരിക്കും. ഞങ്ങള്‍ മത്സരത്തില്‍ പോസിറ്റീവായി തുടരാന്‍ ആഗ്രഹിച്ചിട്ടും റഫറിമാര്‍ കാരണം ഞങ്ങള്‍ നിരാശരായി.

ഈ റഫറിമാര്‍ക്ക് മത്സരം നിയന്ത്രിക്കാനുള്ള കഴിവില്ല. അത് അവരുടെ തെറ്റല്ല അവരെ നിയന്ത്രിക്കുന്ന ആളുകളുടെ തെറ്റുകളാണ്. ഈ വര്‍ഷത്തെ പ്ലേ ഓഫില്‍ ഏതൊക്കെ ടീം കളിക്കണം ഏത് ടീം കിരീടം നേടണം എന്നെല്ലാം തീരുമാനിക്കുന്നത് ടീമിലെ താരങ്ങള്‍ ആയിരിക്കില്ല അത് റഫറിമാര്‍ ആയിരിക്കും. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു മടുത്ത കാര്യമാണ്. ഇതെല്ലാം കേട്ടിട്ട് അവര്‍ ഇതില്‍ നിന്നും മെച്ചപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

ഇവാന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയം രണ്ട് സമനിലയും രണ്ടു തോല്‍വിയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ഡിസംബര്‍ 14ന് പുതുമുഖങ്ങളായ പഞ്ചാബ് എഫ്.സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കേരളത്തിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.

Content Highlight: Ivan Vukomanovic have suspenstion for the controversial remarks against referees.