കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ വഴങ്ങിയ തോൽവിയിൽ നിന്ന് കര കയറാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും ഫുൾ കോറത്തിൽ ഇറങ്ങാൻ സാധിക്കില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
എഫ്.സി ഗോവക്ക് എതിരായ എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം സെന്റർ ഡിഫൻഡർ മാർക്കൊ ലെസ്‌കോവിച്ച് കളിക്കില്ലെന്നാണ് റിപ്പോർട്ട്. പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ലെസ്‌കോവിച്ചിന്റെ കാഫ് മസിലിൽ ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വലിയ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും ഒരു സാഹസത്തിന് മുതിരുന്നത് ഗുണം ചെയ്തേക്കില്ല. അതുകൊണ്ടു തന്നെ ഞങ്ങൾ ഏതാനും ദിവസങ്ങൾ കൂടി താരത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്,“ വുകോമനോവിച്ച് പറഞ്ഞു.
ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഒന്നാം നിര ഇലവൻ പൂർണമായി ഇല്ലാതെ കളത്തിൽ ഇറങ്ങുന്നത്. ജംഷെഡ്പുർ എഫ്.സിക്ക് എതിരായ മത്സരത്തിൽ ഇവാൻ കലിയൂഷ്‌നിയും മുംബൈ സിറ്റി എഫ്.സിക്ക് എതിരായ മത്സരത്തിൽ സന്ദീപ് സിങ്ങും ഇപ്പോൾ എഫ്.സി ഗോവക്കെതിരെ മാർക്കോ ലെസ്‌കോവിച്ചും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ല.
|Ivan Vukomanovic confirmed that Marko Leskovic is out of the team in the clash against FC Goa on Sunday with a muscle strain.#KeralaBlasterspic.twitter.com/eD41CNRZCy
എതിരാളികളായ എഫ്.സി ഗോവയുടെ പ്രകടനത്തെയും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രശംസിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച താരങ്ങളെ വെച്ച് മികച്ച ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ ഒന്നാണ് എഫ്.സി ഗോവയെന്ന് അദ്ദേഹം പറഞ്ഞു.
ഇരുടീമുകളും ടോപ് സിക്‌സിൽ നിന്ന് ടോപ് ഫോറിനായി പൊരുതുന്നതിനാൽ മികച്ചൊരു മത്സരം തന്നെ കാണാൻ കഴിയുമെന്നും വുകോമനോവിച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സാധ്യതാ ലൈനപ്പ്: പ്രഭ്സുഖൻ സിങ് ഗിൽ (ഗോൾ കീപ്പർ), സന്ദീപ് സിങ് (പ്രതിരോധം), റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ / ബിജോയ് വർഗീസ്, ജെസെൽ കർണെയ്റൊ, കെ.പി. രാഹുൽ (മധ്യനിര), ഇവാൻ കലിയൂഷ്നി, ജീക്സൺ സിങ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ് (മുന്നേറ്റ നിര).