ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിലെ വാക്കൗട്ട് പ്രതിഷേധത്തില്‍ ശേഷം ഖേദപ്രകടനം നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും മാനേജ്‌മെന്റും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇവാന്‍ ഖേദപ്രകടനം നടത്തിയത്. ഞങ്ങള്‍ ശക്തമായി തന്നെ തിരിച്ചുവരും എന്ന തലക്കെട്ടോടെയാണ് ഇവാന്റെ കുറിപ്പ്.
കായികവേദികളില്‍ ഇത്തരം സംഭവങ്ങള്‍ കാണാന്‍ പാടില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങളുടെ ഭാഗമായതില്‍ ഖേദിക്കുന്നെന്നും ഇവാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം, സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ സംഭവിച്ച പിഴവായിരുന്നു ഇറങ്ങിപ്പോക്കെന്നും ഭാവിയില്‍ ഇതുപോലെ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി അവരുടെ കുറിപ്പില്‍ വ്യക്തമാക്കി.
എന്തായാലും ബ്ലാസ്റ്റേഴ്‌സിന്റേയും, ഇവാന്‍ വുകോമനോവിച്ചിന്റേയും പരസ്യ ഖേദപ്രകടനങ്ങളോടെ വിവാദ സംഭവങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.
— Kerala Blasters FC (@KeralaBlasters) April 3, 2023
നേരത്തെ ബെംഗളൂരു എഫ്.സിക്കെതിരായ എലിമിനേറ്റര്‍ മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോഴായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്റെ തൊണ്ണൂറ്റിയാറാം മിനിട്ടില്‍ സുനില്‍ ഛേത്രി എടുത്ത ക്വിക് ഫ്രീ കിക്ക് ഗോള്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ അനുവദിച്ചതാണ് വിവാദമായത്.
സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടികള്‍ പ്രഖ്യാപിച്ച ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF), ക്ലബ്ബിന്റെയും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും ഭാഗത്ത് നിന്നും പരസ്യ ക്ഷമാപണം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത്തരമൊരു ഖേദപ്രകടനം ഇവാനില്‍ നിന്നും ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഉണ്ടായിരിക്കുന്നത്.