ഇങ്ങനെ കളിച്ച് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാൽ മതി, കളിയിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശമില്ല: ഇവാൻ വുകോമനോവിച്ച്
ഐ.എസ്.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനോട് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. സ്വന്തം തട്ടകമായ കലിംഗ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ അത്ര വലിയ തോൽവി ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ചിരുന്നില്ല. പ്രതിരോധനിരയിലുണ്ടായ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.
മത്സരത്തിൽ ടീം ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച വെച്ച നിലവിട്ട ആക്രമണ രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എ.ടി.കെ മോഹൻ ബഗാനുമായി നടന്ന ഏറ്റുമുട്ടലിൽ മഞ്ഞപ്പട അമിതാവേശം കാണിച്ചതാണ് തോൽവിക്ക് കാരണമായതെന്നാണ് വിമർശനം.
അതിതീവ്രമായ ആക്രമണശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. സെന്റർ ബാക്കൊഴികെയുള്ള താരങ്ങളെല്ലാം തന്നെ ആക്രമണത്തിനായിരുന്നു ശ്രമിച്ചത്.
ഈ ശൈലിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.
എന്നാൽ ആക്രമണശൈലിയിൽ യാതൊരു വിധ മാറ്റവും വരുത്താൻ പോകുന്നില്ലെന്നാണ് കോച്ച് ഇവാൻ വുകോമനോവിച് വ്യക്തമാക്കിയത്. ഒഡീഷക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇവാൻ ഇക്കാര്യം വിശദീകരിച്ചത്.
പ്ലാൻ ചെയ്ത് തന്നെയാണ് തീവ്രമായ ആക്രമണത്തിലേക്ക് പോയതെന്നും കൂടുതൽ കയറിക്കളിച്ച് സമനില നേടി ഹൈപ്രസിങ്ങിലൂടെ വിജയഗോൾ നേടുന്ന രീതിയാണ് പിന്തുടരുന്നതെന്നും ഇതിനിടയിൽ വ്യക്തിഗത പിഴവുകളുണ്ടായതാണ് വിനയായതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ബ്ലാസ്റ്റേഴ്‌സ് ആക്രമണശൈലി കളിക്കുന്നത് കാണാനാണ് തങ്ങൾക്കിഷ്ടം, ട്രെയിനിങ് സെഷനുകളിൽ ടീം ഈ ശൈലിയിൽ കളിക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും ഇവാൻ പറഞ്ഞു.
യഥാർത്ഥത്തിൽ ഈ ശൈലിയിൽ കളിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് അവരുടെ കംഫർട് സോണിൽ നിന്ന് പുറത്തിറങ്ങിയാണ്, എന്നാൽ ടീം പുരോഗതി കൈവരിക്കണമെങ്കിൽ അത് അത്യാവശ്യമാണെന്നും ഓരോ കളിക്കാരുടേയും വ്യക്തിപരമായ പുരോഗതി മാത്രമല്ല, ടീമെന്ന നിലയിലെ പുരോഗതി കൂടി കൈവരിക്കാനും ഈ ശൈലി തുടരേണ്ടത് ആവശ്യമാണെന്നുമാണ് ഇവാൻ പറഞ്ഞത്.
മത്സരം എവിടെയാണെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകർക്ക് വേണ്ടി തന്നെയാണ് കളിക്കുന്നതെന്നും, ടീമിനോടുള്ള ജനപ്രീതി കാരണം എല്ലാ ടീമുകൾക്കും ബ്ലാസ്റ്റേഴ്‌സിനോട് കളിക്കാൻ ഒരുപാടിഷ്ടമാണെന്നും ഇവാൻ വുകോമനോവിച് കൂട്ടിച്ചേർത്തു.
Content Highlights: Ivan Vokomanovic is not ready to change their plans and tactics even after the loss against ATK Mohun Bagan