ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന മത്സരത്തിലൂടെ തകർപ്പൻ തിരിച്ചുവരവാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ കീഴ്പ്പെടുത്തിയത്.
ഐ.എസ്.എല്ലിന്റെ ഒമ്പതാം സീസണിൽ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നത്.
ഗ്രീക്ക് സൂപ്പർതാരം ദിമിത്രിയോസ് ദയമന്റകോസിന്റെ ഒരു ഗോളും മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.
ടീമിന്റെ വിജയത്തിൽ താൻ സന്തുഷ്ടനാണെന്നറിയിച്ചിരിക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകോച്ച് ഇവാൻ വുകോമനൊവിച്ച്. വലിയ അഴിച്ചു പണി നടത്തേണ്ടി വന്നിരുന്നെന്നും ഫലം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്. തുടർച്ചയായുള്ള തോൽവികൾക്ക് ശേഷം ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകൾ നിരാശയുടേതായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ നന്നായി പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. എന്റെ കളിക്കാരെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. അവരിന്ന് ഈ മത്സരത്തിൽ കളത്തിലിറങ്ങാൻ അർഹരാണ്.
അവരുടെ ഗുണനിലവാരം, പ്രചോദനം ആത്മവിശ്വാസം ടീമിനോടുള്ള ആത്മാർത്ഥത എന്നിവ ഇന്നത്തെ വിജയത്തിന് കാരണമായി.
ഇന്നത്തെ മത്സരം കഠിനമാകുമെന്ന് മത്സരത്തിന് മുമ്പ് ഞാൻ പ്രതീക്ഷിച്ചിരുന്നു. നൂറു ശതമാനം ആത്മാർത്ഥതയോടെ ഇത്തരത്തിലുള്ള മത്സരങ്ങളെ സമീപിച്ചില്ലകിൽ മോശം അവസ്ഥകൾ അനുഭവിക്കേണ്ടി വരുമെന്നറിയാമായിരുന്നു.”
ഒരു പരിശീലകനെന്ന നിലയിൽ കളിക്കാർക്ക്, പ്രത്യേകിച്ച് മെച്ചപ്പെടാൻ സാധ്യതയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ഞാനെപ്പോഴും ശ്രമിക്കാറ്.
ഒരു കളിക്കാരൻ രൂപപ്പെടുന്നത് യുവാക്കളിൽ നിന്ന് ആരംഭിക്കുന്നതിനാൽ അവർക്ക് മുന്നിൽ ഒരു വലിയ സാധ്യതകളുണ്ട്. എല്ലാ സ്ക്വാഡിലും യുവാക്കൾ വളരെ നിർണായക ഘടകമാണ്,” ഇവാൻ പറഞ്ഞു.
അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. നവംബർ 13നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
Content Highlights: Ivan Vokomanic expresses his pleasure after the win of Kerala Blasters