|

മെസിക്ക് ഒരിക്കലും നേടാൻ സാധിക്കാത്ത കിരീടം ഞാൻ സ്വന്തമാക്കിയിട്ടുണ്ട്: മുൻ ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനഘട്ടത്തിലാണ്. ഇതിനോടകം തന്നെ ഫുട്‌ബോളില്‍ നേടേണ്ടതെല്ലാം മെസി തന്റെ പേരിലാക്കി മാറ്റിയിട്ടുണ്ട്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക കിരീടം മെസി സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മെസിയും സംഘവും വീണ്ടും കോപ്പ കിരീടം കൈപ്പിടിയിലാക്കിയത്.

സമീപകാലങ്ങളില്‍ അര്‍ജന്റീന നാല് കിരീടങ്ങളാണ് നേടിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനല്‍ സീമ, വേള്‍ഡ് കപ്പ് എന്നീ കിരീടങ്ങള്‍ ആയിരുന്നു അര്‍ജന്റീന നേടിയത്. ഈ കിരീടനേട്ടങ്ങള്‍ക്ക് പിന്നാലെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമായി മാറാന്‍ മെസിക്ക് സാധിച്ചിരുന്നു. 45 കിരീടങ്ങളാണ് ഇതിനോടകം തന്നെ മെസി നേടിയത്.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ വേണ്ടി 35 കിരീടങ്ങളിലാണ് മെസി പങ്കാളിയായി ഉള്ളത്. ബാഴ്‌സയില്‍ നിന്നും നീണ്ട കാലത്തെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറിയ മെസി അവരോടൊപ്പം മൂന്ന് കിരീടനേട്ടത്തിലും പങ്കാളിയായി.

പിന്നീട് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പവും മെസി കിരീടം നേടി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ് കപ്പ് കിരീടം ആണ് മെസിയുടെ കീഴില്‍ മയാമി നേടിയെടുത്തത്.

എന്നാല്‍ മെസിക്ക് ഇതുവരെ ഫുട്‌ബോള്‍ കരിയറില്‍ നേടാന്‍ സാധിക്കാത്ത ട്രോഫിയെക്കുറിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം ഇവാന്‍ റാക്കിറ്റിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. മെസിക്ക് ഒരിക്കലും യൂറോപ്പ ലീഗ നേടാന്‍ സാധിച്ചിട്ടില്ലെന്നും ആ കിരീടം താന്‍ നേടിയിട്ടുണ്ടെന്നുമാണ് റാക്കിറ്റിച്ച് പറഞ്ഞത്. ലാ ലിഗ ടി. വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ മെസിയോട് ഞാന്‍ പറഞ്ഞു. നിങ്ങള്‍ ഫുട്‌ബോളില്‍ എല്ലാം നേടി. ഒരുപാട് ഗോളുകള്‍ നിങ്ങള്‍ സ്വന്തമാക്കി. പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാത്ത ഒരു ട്രോഫി ഞാന്‍ നേടിയിട്ടുണ്ട്, നിങ്ങള്‍ക്ക് ഒരിക്കലും നേടാന്‍ കഴിയില്ല,’ ക്രൊയേഷ്യന്‍ താരം പറഞ്ഞു.

സ്പാനിഷ് ക്ലബ്ബായ സെവിയ്യക്കൊപ്പമായിരുന്നു റാക്കിറ്റിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയത്. 2014, 2023 എന്നീ സീസണുകളില്‍ ആയിരുന്നു റാക്കിറ്റിച്ച് യൂറോപ്പ ലീഗ കിരീടം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാര്‍ക്കായി 25 ഗോളുകളും 27 അസിസ്റ്റുകളുമാണ് ക്രൊയേഷ്യന്‍ താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

അതേസമയം ബാഴ്‌സയിലും പി.എസ്.ജിയിലും കളിച്ചിരുന്ന കാലത്ത് ഒരിക്കല്‍ പോലും യൂറോപ്പ ലീഗിന്റെ ടൂര്‍ണമെന്റില്‍ മെസി കളിച്ചിരുന്നില്ല. മെസി കറ്റാലന്‍മാര്‍ക്ക് വേണ്ടി പന്ത് തട്ടിയ സീസണുകളില്‍ എല്ലാം ആദ്യ നാലു സ്ഥാനങ്ങളില്‍ അടിയിലേക്ക് ടീം പോയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ 2021ല്‍ മെസി ക്യാമ്പ്‌നൗ വിട്ടതിനുശേഷം ബാഴ്‌സ രണ്ടുതവണയാണ് യൂറോപ്പ ലീഗില്‍ കളിച്ചത്.

Content Highlight: Ivan Rakitic Talks About Lionel Messi