ലാ ലീഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുവതാരം പെഡ്രി നേടിയ ഒറ്റ ഗോളിന്റെ ബലത്തിലായിരുന്നു ബാഴ്‌സ സെവിയ്യയെ തോല്‍പ്പിച്ചത്. 78ാം മിനിറ്റില്‍ നേടിയ ഗോളിലായിരുന്നു ബാഴ്‌സ സ്വന്തം തട്ടകത്തില്‍ വിജയമാഘോഷിച്ചത്.
ക്യാംപ് നൗവില്‍ പെഡ്രി മാത്രമായിരുന്നില്ല. സെവിയ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ചും അന്നേ ദിവസത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു. 2020ല്‍ ബാഴ്‌സ വിട്ട് സെവിയയില്‍ ചേര്‍ന്ന റാക്കിട്ടിച്ച് ആരാധകര്‍ക്കായി ജേഴ്‌സി നല്‍കിയാണ് കളം വിട്ടത്.
ആരാധകര്‍ക്ക് താരങ്ങള്‍ ജേഴ്‌സി സമ്മാനിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ജേഴ്‌സിക്ക് പുറമെ താരം ഷോട്‌സും ഊരി നല്‍കുകയായിരുന്നു. ഒടുവില്‍ അടിവസ്ത്രം മാത്രമിട്ടാണ് റാക്കിട്ടിച്ച് ഗ്രൗണ്ടില്‍ നിന്നും യാത്രയായത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.
സെവിയയ്‌ക്കെതിരെ വിജയിച്ചതോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും ബാഴ്‌സലോണയ്ക്കായി. 29 മത്സരത്തില്‍ നിന്നും 59 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. 30 മത്സരത്തില്‍ നിന്നും 69 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്.
30 മത്സരങ്ങളില്‍ നിന്നും 57 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡാണ് മൂന്നാമത്. അത്രതന്നെ കളികളില്‍ നിന്നും അത്രതന്നെ പോയിന്റുമായി സെവിയ്യ നാലാമതാണ്.
ബാഴ്‌സയ്‌ക്കൊപ്പം കളിക്കുമ്പോള്‍ ലാ ലീഗ കിരീടമടക്കമുള്ള വേളകളില്‍ റാക്കിട്ടിച്ചും ടീമിന്റെ ഭാഗമായിരുന്നു. ലാ ലീഗ കിരീടത്തിന് പുറമെ നാല് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ എസ്പാന ട്രോഫികള്‍, ചാമ്പ്യന്‍സ് കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവ നേടുമ്പോളും റാക്കിട്ടിച്ച് ബാഴ്‌സയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ 27 മത്സരത്തില്‍ നിന്നും മൂന്ന് ഗോളുകളാണ് റാക്കിട്ടിച്ച് സ്വന്തമാക്കിയിട്ടുള്ളത്.