സിനിമ ഇറങ്ങികഴിഞ്ഞപ്പോള്‍ അതിലുള്ളത് യഥാര്‍ഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലൊന്നും വാസ്തവമില്ല
മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആരാധകരുടെ ആവേശമായി മാറുമ്പോള്‍ ഐ.വി ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മൃഗയ എന്ന ചിത്രവും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാവില്ല. ചിത്രം ഇറങ്ങി 27 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഐ.വി ശശി.
മൃഗയയിലെ വാറുണ്ണിയെപ്പോലെ ലോഹിതദാസിന് പരിചയമുള്ള ഒരാള്‍ ഉണ്ടായിരുന്നു. അയാളുടെ കഥയില്‍ നിന്നാണ് മൃഗയ എന്ന ചിത്രം ഉണ്ടാകുന്നത്.
അന്ന് ഇന്നത്തെ പോലെ ഗ്രാഫിക്‌സും വി.എഫ്.എക്‌സും ഒന്നുമില്ല. അതുകൊണ്ടു തന്നെ പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്. പൂര്‍ണമായും മെരുങ്ങാത്ത പുലിയെ വെച്ചായിരുന്നു അന്ന് ഷൂട്ടിങ് നടത്തിയത്.
സിനിമ ഇറങ്ങികഴിഞ്ഞപ്പോള്‍ അതിലുള്ളത് യഥാര്‍ഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലൊന്നും വാസ്തവമില്ല. ആകെ രണ്ടു ലോങ്ങ്‌ഷോട്ടില്‍ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. പുലിയെ നേരിടുന്ന രംഗങ്ങളെല്ലാം മമ്മൂട്ടി തന്നെയാണ് ചെയ്തത്. ഗ്രാഫിക്്‌സ് പിന്തുണയില്‍ അന്ന് പുലിയെ ചെയ്യാന്‍ പറ്റില്ലല്ലോ. മുഴുവന്‍ സീനും അതിസാഹസികമായി തന്നെയാണ് ചിത്രീകരിച്ചതെന്നും ഐ.വി ശശി പറയുന്നു.
വലിയ പരിശീലനം നേടിയിട്ടില്ലാത്ത പുലിയായിരുന്നു. അതുമല്ല വലിയ പുലിയുമാണ്. മനുഷ്യനോട് മെരുങ്ങാന്‍ തന്നെ പ്രയാസമായിരുന്നു. അന്ന് അതിനെ മയക്കാനൊന്നും പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ് രംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് ചിത്രീകരിച്ചത്.
പരിചയമൊന്നും ഇല്ലെങ്കിലും പുലിയുമായുള്ള രംഗങ്ങളെല്ലാം വളരെ ധൈര്യസമേതം മമ്മൂട്ടി ചെയ്തിരുന്നു. അന്ന് ലൊക്കേഷനില്‍ എല്ലാവര്‍ക്കും നല്ല പേടിയുണ്ടായിരുന്നു. സീനുകള്‍ ഒന്നിച്ചെടുക്കാനൊന്നും കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് രംഗങ്ങള്‍ വീതമാണ് ആദ്യ ദിവസങ്ങളില്‍ എടുത്തത്.
ഷൂട്ടിങ്ങ് സെറ്റില്‍ വന്നപ്പോഴാണ് അദ്ദേഹം ആ പുലിയെ കാണുന്നത് തന്നെ. പുലിയുടെ ഒരു ട്രയിനറുണ്ട്. അയാള്‍ മമ്മൂട്ടിക്ക് പുലിയെ കൈകാര്യം ചെയ്യേണ്ട വിധമൊക്കെ ചെയ്ത് കാണിച്ചു കൊടുത്തു. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ട്രെയിനര്‍ കാട്ടുന്നതിന് അനുസരിച്ച് മമ്മൂട്ടി പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുകയായിരുന്നു.
ആദ്യത്തെ രണ്ടു ദിവസം കുറച്ചു പേടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കഥാപാത്രവുമായി അലിഞ്ഞുചേര്‍ന്നതോടെ തന്മയത്വത്തോടെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. 30 ദിവസം മാത്രമാണ് സിനിമയുടെ ഷൂട്ടിങ്ങിനായി എടുത്തതെന്നും ഐ.വി ശശി പറയുന്നു.