| Thursday, 19th April 2018, 9:12 am

270 ലീഗുകാര്‍, 265 എസ്.ഡി.പി.ഐക്കാര്‍ 'ജനകീയ ഹര്‍ത്താലിനെ' തുടര്‍ന്ന് അറസ്റ്റിലായവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇങ്ങനെ

ജിന്‍സി ടി എം

സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ പേരില്‍ ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും മുസ്‌ലിം ലീഗ് , എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് പൊലീസ്. അറസ്റ്റിലായ 951 പേരില്‍ 535 പേരും ഈ രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

270 ഐ.യു.എം.എല്‍ പ്രവര്‍ത്തകരും 265 എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമാണ് ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായത്. ഇവരെക്കൂടാതെ 125 സി.പി.ഐ.എം പ്രവര്‍ത്തകരും 60 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അറസ്റ്റിലായവരില്‍ ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും തന്നെയില്ല. 235 പേര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പെടാത്തവരാണെന്നുമാണ് കണക്കുകള്‍.

അതേസമയം, അറസ്റ്റിലായവര്‍ പാര്‍ട്ടി അനുഭാവികള്‍ മാത്രമോ, അല്ല മെമ്പര്‍മാരാണോയെന്നത് വ്യക്തമായിട്ടില്ല.

വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താലിന്റെ ഭാഗമായി ഏറ്റവുമധികം അറസ്റ്റുകള്‍ നടന്നത്. 200 പേര്‍ പാലക്കാട്ടുനിന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 250 പേരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ 350 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിങ്ങിനിറഞ്ഞ് ജയിലുകള്‍:

ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമായതോടെ വടക്കന്‍ ജില്ലകളിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണെന്ന് അധികൃതര്‍ പറയുന്നു. അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ജയിലുകള്‍ മതിയാകുന്നില്ല. ഇന്നലെ മുതല്‍ അറസ്റ്റ് ചെയ്തവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലേക്ക് അയച്ചെന്ന് പൊലീസ് പറയുന്നു.

മലപ്പുറം ജില്ലയിലെ ഏക സ്പെഷ്യല്‍ ജയിലായ മഞ്ചേരി സബ്ജയിലില്‍ 27 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുളളത്. എന്നാല്‍ ഇവിടെ മൂന്ന് വനിതാ തടവുകാരടക്കം 102 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ജയിലധികൃതരില്‍ നിന്നു ലഭിച്ച കണക്ക്.

ജില്ലയിലെ ഇതര ജയിലുകളായ പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി സബ്ജയിലുകളിലെയും സ്ഥിതി വിഭിന്നമല്ല. ഏറെ തടവുകാരെ ഉള്‍കൊള്ളാവുന്ന കോഴിക്കോട് ജില്ലാ ജയിലും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് സ്പെഷ്യല്‍ സബ്ജയില്‍, വടകര, കൊയിലാണ്ടി സബ്ജയിലുകളും തടവുകാരെ ഉള്‍കൊള്ളാനാവാത്ത അവസ്ഥയിലാണെന്ന് അധികൃതര്‍ പറയുന്നു.

മഞ്ചേരിയില്‍ മാത്രം 2300 പേര്‍ക്കെതിരെയാണ് കേസ്. ഹര്‍ത്താല്‍ ദിവസം വൈകീട്ട് നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങളും പൊലീസുകാരുമെടുത്ത വീഡിയോ ചിത്രങ്ങളില്‍ നിന്നാണ് ആളുകളെ അറസ്റ്റ് ചെയ്യുന്നത്.

ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തിയ നിലയില്‍

 

ഹര്‍ത്താലിനെ തള്ളി മുസ്‌ലിം ലീഗ്:

ഏപ്രില്‍ 16ന് ഹര്‍ത്താല്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം ഉണ്ടായ വേളയില്‍ തന്നെ ഹര്‍ത്താലിനെ തള്ളി മുസ്‌ലിം ലീഗ് രംഗത്തുവന്നിരുന്നു. ലീഗ് അത്തരമൊരു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും രംഗത്തുവന്നിരുന്നു.

ഹര്‍ത്താലില്‍ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന വാര്‍ത്തവരുമ്പോഴും മുസ്‌ലിം ലീഗ് മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഹര്‍ത്താലുമായി ലീഗിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. “അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഐ.യു.എം.എല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടുണ്ടോയെന്നത് പറയാന്‍ കഴിയില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഹര്‍ത്താലിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ഒറ്റപ്പെട്ട രീതിയില്‍, ശത്രുക്കളെ സഹായിക്കാന്‍ മാത്രം ഉപകരിക്കുന്ന ഉത്തരവാദ രഹിതമായ ഹര്‍ത്താല്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാല്‍, ഹര്‍ത്താലില്‍ നടന്ന പ്രശ്നങ്ങളെ എല്‍.ഡി.എഫ്സര്‍ക്കാര്‍ പെരുപ്പിച്ചു കാണിച്ച് യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുകയാണ്. പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ കുറ്റക്കാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടണമെന്നും ബഷീര്‍ പറഞ്ഞു.

അതിനിടെ, തുടക്കം മുതല്‍ തന്നെ ഹര്‍ത്താലിനെ അനുകൂലിക്കുന്ന നിലപാടാണ് എസ്.ഡി.പി.ഐ സ്വീകരിച്ചത്. തങ്ങള്‍ ഇത്തരമൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും എന്നാല്‍ ഹര്‍ത്താല്‍ അനാവശ്യമാണെന്ന നിലപാടില്ലെന്നുമാണ് എസ്.ഡി.പി.ഐ നേതാവായ അജ്മല്‍ ഇസ്‌മൈല്‍ പറഞ്ഞത്.

വിവിധ പ്രാദേശിക സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടുണ്ടാവാമെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞത്.

ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്‌

അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഹര്‍ത്താല്‍. ഇതിനു ചിലര്‍ മനഃപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനു ശ്രമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ കലാപത്തിനു സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡി.ജി.പി സര്‍ക്കുലറും ഇറക്കി. നേരത്തെ ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more