| Monday, 12th December 2022, 8:28 am

ആയിരം രാമന്‍മാര്‍ക്ക് ഞങ്ങള്‍ അംഗത്വം നല്‍കിയിട്ടുണ്ട്, സുരേന്ദ്രന്‍ ലീഗിന് മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ട: പി.എം.എ. സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലീഗിന്റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകള്‍ക്ക് സി.പി.ഐ.എം അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ അത് തീരേ ദഹിക്കാത്തത് കേരളത്തില്‍ ബി.ജെ.പിക്ക് മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

സുരേന്ദ്രനില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ലെന്നും പി.എം.എ സലാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ മുസ്‌ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും തങ്ങള്‍ക്കില്ലെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നാണ് കെ. സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

‘ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി. ഗോവിന്ദന്‍. യു.സി. രാമന് പോലും ലീഗില്‍ അംഗത്വമില്ല. മുസ്‌ലിങ്ങള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പേരില്‍ തന്നെ മതമുള്ള പാര്‍ട്ടിയാണ് ലീഗ്.

ഷാബാനു കേസില്‍ എന്തായിരുന്നു ലീഗിന്റെ നിലപാടെന്ന് സി.പി.ഐ.എം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവര്‍ക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവര്‍ കൈക്കൊണ്ടത്. കച്ചവട പാര്‍ട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സി.പി.ഐ.എം നല്‍കുക.

ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ സി.പി.ഐയില്‍ അടി തുടങ്ങി കഴിഞ്ഞു. സി.പി.ഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പ്രചരണം നടത്തും,’ എന്നാണ് കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ പറഞ്ഞത്.

പി.എം.എ. സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ അല്ലയോ എന്ന ചര്‍ച്ച ഒരിക്കല്‍ കൂടി അരങ്ങിലെത്തുമ്പോള്‍ കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തെ ഇഴകീറി പരിശോധിക്കുന്ന ആര്‍ക്കും മുസ്‌ലിം ലീഗ് ഏതെങ്കിലും ഘട്ടത്തില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചതായി കാണാന്‍ സാധിക്കില്ല എന്നത് പരമമായ യാഥാര്‍ത്ഥ്യമാണ്.

ലീഗിന്റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകള്‍ക്ക് സി.പി.ഐ.എം അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുതിയ സാഹചര്യത്തില്‍ ഇത് തീരേ ദഹിക്കാത്ത ഒരു പാര്‍ട്ടിയായി കേരളത്തില്‍ അവശേഷിക്കുന്നത് ബി.ജെ.പി മാത്രമാണ്.

‘രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയത ഉളള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിങ്ങള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ്, യു.സി. രാമന് പോലും ലീഗില്‍ അംഗത്വമില്ല’ ഇങ്ങനെ പോകുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലീഗിനെതിരെയുളള പുതിയ ആരോപണങ്ങള്‍.

‘പാകിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയില്‍ അലിഞ്ഞ് ചേരാമെന്ന്’ ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിന്റെ പിറകില്‍ അണി നിരന്ന് അന്ന് മുതല്‍ ഇന്ന് വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്‌ലിം ലീഗ് എന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടല്ല.

മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയത ആരോപിക്കുന്ന ബി.ജെ.പി പ്രസിഡന്റിനോട് ഒന്നേ പറയാനുളളൂ.. നിങ്ങളില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ല.

പിന്നെ യു.സി രാമന്റെ മെമ്പര്‍ഷിപ്പിന്റെ കാര്യം, ഒരു യു.സി. രാമന്‍ മാത്രമല്ല ആയിരം രാമന്‍മാര്‍ക്ക് ഞങ്ങള്‍ ഇത്തവണയും അംഗത്വം നല്‍കിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ മുസ്‌ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല.

Content Highlight: Iuml leader PMA Salam against BJP State President K Surendran

We use cookies to give you the best possible experience. Learn more