കോഴിക്കോട്:ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് കലോത്സവവേദിയില്‍ നടന്നതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്.
കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന് അതിനെതിരെ ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
‘കോഴിക്കോട് മുജാഹിദ് സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓര്‍മ്മപ്പെടുത്തി ‘മഴു ഓങ്ങി നില്‍പ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്’. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും നിര്‍ത്താതെ കയ്യടിച്ചു.
രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്‌കൂള്‍ യുവജനോത്സവമാണ് വേദി. മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ മന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുന്നില്‍വെച്ചാണ് മുസ്‌ലിം വേഷധാരിയായ ആളെ ഭീകരവാദിയായി ചിത്രീകരിച്ചത്,’ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
ഓങ്ങി നില്‍ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിനെതിരെയാണ് വിമര്‍ശനം വന്നത്.
കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിമര്‍ശനം.
എന്നാല്‍, അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും ക്യാപ്റ്റന്‍ വിക്രം കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നുമാണ് ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പ്രതികരിച്ചത്.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കോഴിക്കോട്
മുജാഹിദ് സമ്മേളനത്തില്‍
വെച്ച് മുഖ്യമന്ത്രി
ഘോര ഘോരം നമ്മെ
ഓര്‍മ്മപ്പെടുത്തി
‘മഴു ഓങ്ങി നില്‍പ്പുണ്ട്
അതിന് ചുവട്ടിലേക്ക്
ആരും കഴുത്ത് നീട്ടി
കൊടുക്കരുത്’
കേട്ടപാതി കേള്‍ക്കാത്ത
പാതി എല്ലാവരും
നിര്‍ത്താതെ കയ്യടിച്ചു.
രണ്ടു ദിവസം കഴിഞ്ഞില്ല,
അതെ, കോഴിക്കോട്;
സംസ്ഥാന സ്‌കൂള്‍
യുവജനോത്സവമാണ് വേദി,
മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ
മന്ത്രിയുടെയും, പൊതുമരാമത്ത്
വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.
സ്വാഗത ഗാനത്തോടൊപ്പമുള്ള
ചിത്രീകരണത്തില്‍ തലയില്‍കെട്ട്
ധരിച്ച ഒരാള്‍ വരുന്നു. തീര്‍ത്തും
മുസ്‌ലിം വേഷധാരിയായ അയാളെ
ഭീകരവാദിയെന്ന് തോന്നിപ്പിക്കും
വിധമാണ് ചിത്രീകരണം. ഒടുവില്‍
പട്ടാളക്കാര്‍ വന്നു അയാളെ
കീഴ്‌പ്പെടുത്തുന്നതാണ് രംഗം.
ഇളം തലമുറകളുടെ മനസ്സിലേക്ക്
പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന
ഈ ചിത്രീകരണം നടക്കുമ്പോള്‍
സംഘാടകരോട് തിരിഞ്ഞു നിന്നു
ചോദിക്കാന്‍ ആരുമുണ്ടായില്ല.
ഓങ്ങി നില്‍ക്കുന്ന മഴുവിന്
ചുവട്ടിലേക്ക് ആരും കഴുത്ത്
നീട്ടിക്കൊടുക്കണ്ട!
മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം.
‘അതായത് കോയാ…നിങ്ങള്‍
അങ്ങോട്ട് പോണ്ടാ, ഓരെ
ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും,
എന്താല്ലേ!
Content Highlight: IUML Leader PK Abdu Rabb Against School Kalolsavam Welcome Song Visualization