ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവസേനയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയെന്ന് സാജിദ് പറഞ്ഞു. ശിവസേന ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ വികസനമാഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്നും സാജിദ് പറയുന്നു.
മുംബൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിം ലീഗ് നേതാവ് ശിവസേനയില്‍ ചേര്‍ന്നു. ലീഗിന്റെ മുംബൈ സിറ്റി യൂണിറ്റ് വൈസ്പ്രസിഡന്റ് സാജിദ് സൂപരിവാലയാണ് ലീഗ് വിട്ട് ശിവസേനയില്‍ ചേര്‍ന്നത്.
ശിവസേനയുടെ ന്യൂനപക്ഷ വിഭാഗമായ മഹാരാഷ്ട്ര ശിവ് വഹ്തുക്ക് സേന തലവനായ ഹാജി അറാഫത് ഷെയിഖിനൊപ്പം കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുമായി സാജിദ് സൂപരിവാല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയില്‍ ചേര്‍ന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.
രണ്ടു വര്‍ഷം മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിച്ചുവെങ്കിലും ലീഗിന് എവിടെയും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഇതുകൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും സാജിദ് പറയുന്നു.
ശിവസേനയില്‍ ചേര്‍ന്നു കൊണ്ട് സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും മുസ്‌ലിംങ്ങള്‍ക്കും ശിവസേനയ്ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുമെന്നും സാജിദ് സുപരിവാല പറഞ്ഞു. മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരമുള്ള പാര്‍ട്ടിയാണ് ശിവസേനയെന്നും സാജിദ് പറഞ്ഞു.
ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവസേനയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയെന്ന് സാജിദ് പറഞ്ഞു. ശിവസേന ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ വികസനമാഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്നും സാജിദ് പറയുന്നു.
സാജിദിന്റെ ശിവസേനയില്‍ ചേരാനുള്ള തീരുമാനം ഞെട്ടിച്ചെന്ന് മഹാരാഷ്ട്ര ലീഗ് വക്താവ് എം.എ ഖാലിദ് പറഞ്ഞു.