കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെക്കുറിച്ചും ഭാര്യ സൂഫിയ മഅ്ദനിയെക്കുറിച്ചുമുള്ള തന്റെ പരാമര്‍ശം ചിലര്‍ വളച്ചൊടിച്ചെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു. എന്നാല്‍ മഅ്ദനി സ്വീകരിച്ചിരുന്ന ശൈലിയോട് അന്നും ഇന്നും കടുത്ത വിയോജിപ്പുണ്ടെന്നും ഫൈസല്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
പി.ഡി.പി എന്ന പാര്‍ട്ടി മഅ്ദനിയുടെ മുഖ്യശത്രുവായി അദ്ദേഹത്തെ പിന്തുടരുകയാണ്. തന്നെ വഴിയില്‍ തടയുമെന്നാണ് പി.ഡി.പിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നത്. അത് നല്ല തമാശയാണെന്നും ഊക്കുള്ള കാലത്ത് പി.ഡി.പിക്ക് പറ്റാത്ത കാര്യമാണതെന്നും ഫൈസല്‍ ബാബു പറഞ്ഞു.
സംഘപരിവാര്‍ ഫാസിസത്തിനെതിരെ തുടങ്ങിയ മഅദനിയുടെ രാഷ്ട്രീയം മുസ്‌ലിം ലീഗിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ഏക ലക്ഷ്യത്തില്‍ മാത്രമായി ഒതുങ്ങിയെന്നും ഫൈസല്‍ ബാബു വിമര്‍ശിച്ചു. ചിലര്‍ മഅ്ദനിയെ ആയുധമായി ഉപയോഗിക്കുകയും ചെയ്തുവെന്നും ഫൈസല്‍ ബാബു ആരോപിച്ചു.
മഅ്ദനിക്ക് ന്യായമായ വിചാരണയും, നീതിയും ലഭിച്ചില്ല എന്നാണ് തന്റെയും ബോധ്യം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. മഅ്ദനിയുടെ ‘ജീവിതം ജയിലില്‍ തീരണം’ എന്ന് തീരുമാനിച്ചവര്‍ തന്നെയാണ് പൊന്നാനിയിലെ വേദിയിലേക്ക് അദ്ദേഹത്തിന്റെ വീല്‍ചെയര്‍ ഉന്തിക്കയറ്റിയതെന്നും കിട്ടുന്ന വേദികളില്‍ ആ കാപട്യം ഇനിയും തുറന്ന് കാട്ടുമെന്നും ഫൈസല്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ ഭര്‍ത്താവിന്റെ ദുര്യോഗം പറഞ്ഞപ്പോഴെല്ലാം മുസ്‌ലിം ലീഗിനെ ഒന്ന് കൊട്ടാന്‍ മറക്കാത്ത സൂഫിയ മഅ്ദനിയെ വിമര്‍ശിക്കാറുണ്ടെന്നും, അവരാ നിലപാട് തുടര്‍ന്നാല്‍ ഇനിയും രൂക്ഷമായിത്തന്നെ എതിരിടുമെന്നും ഫൈസല്‍ ബാബു പറഞ്ഞു.
മഅ്ദനിയെ വേദനിപ്പിക്കാനും പരിഹസിക്കാനും ബോധപൂര്‍വം ഉദ്ദേശിച്ച് ഒരു വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും, ലീഗുകാര്‍ക്ക് ഭാഷയും വ്യാകരണവും പഠിപ്പിക്കുന്നവര്‍ അവരവരുടെ പണി തുടരട്ടെയെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു മഅ്ദനിയെയും ഭാര്യ സൂഫിയ മഅ്ദനിയെയും അധിക്ഷേപിച്ചുള്ള യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്റെ വിവാദ പരാമര്‍ശം.
‘ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി,’ എന്നായിരുന്ന ഫൈസല്‍ ബാബു പറഞ്ഞത്.
‘ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം. കരിമ്പൂച്ചയില്ല, ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രത്തിലേത് പോലെയാണ് മഅ്ദനിയുടെ അവസ്ഥ. ഞങ്ങളിത് സെലിബ്രേറ്റ് ചെയ്യുകയില്ലെന്നും അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍,’ എന്നായിരുന്നു ഫൈസല്‍ ബാബുവിന്റെ പരാമര്‍ശം.
ഫൈസല്‍ ബാബുവിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പി.ഡി.പിയും രംഗത്തെത്തിയിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബുവിന്റെ നിലപാട് മുസ്ലിം ലീഗിന്റെ നിലപാടാണോ എന്ന് പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്നാണ് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി പ്രതികരിച്ചത്.