കോഴിക്കോട്: പത്ത് വര്‍ഷത്തിനിടെ മുസ്‌ലീം ലീഗിന്റെ വോട്ടില്‍ കുറവുണ്ടായതായി പഠനം. ജാമിഅ മില്ലിയ മീഡിയ സ്റ്റഡീസ് വിദ്യാര്‍ത്ഥി നൗഷാദ് തൂമ്പത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി അഫ്‌സലുമാണ് പഠനം നടത്തിയത്.
2011-21 വര്‍ഷക്കാലയളവില്‍ മൂന്ന് തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് സമാഹരിച്ച വോട്ടുകളുടേയും സീറ്റുകളുടേയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 2011 ല്‍ 23 സീറ്റില്‍ മത്സരിച്ച ലീഗിന് 20 സീറ്റുകളില്‍ ജയിക്കാനായിരുന്നു. 7.92 ശതമാനം വോട്ടുകളായിരുന്നു സമാഹരിച്ചത്.
2016 ലും 23 സീറ്റില്‍ മത്സരിച്ചെങ്കിലും 18 സീറ്റിലേ വിജയിക്കാനായുള്ളൂ. 7.4 ശതമാനമായി വോട്ട് കുറയുകയും ചെയ്തു. 2021 ല്‍ 27 സീറ്റില്‍ മത്സരിച്ച ലീഗ് 8.27 ശതമാനം വോട്ട് നേടിയെങ്കിലും 15 സീറ്റില്‍ മാത്രമാണ് ജയിച്ചത്.
കളമശ്ശേരി, മണ്ണാര്‍ക്കാട്, ഗുരുവായൂര്‍, തിരൂര്‍, തിരൂരങ്ങാടി, മങ്കട, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, വേങ്ങര, മലപ്പുറം, മഞ്ചേരി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി, അഴീക്കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ലീഗിന്റെ വോട്ടുശതമാനത്തില്‍ കുറവുണ്ടായതായി പഠനത്തില്‍ കാണുന്നു.
ഇതില്‍ തിരൂര്‍ മണ്ഡലത്തില്‍ 2011 ല്‍ എതിര്‍പാര്‍ട്ടിയുമായി 18.65 ശതമാനം വോട്ടിന്റെ വ്യത്യാസമായിരുന്നു ലീഗിനുണ്ടായിരുന്നത്. എന്നാല്‍ 2021 ല്‍ ഇത് 4.23 ആയി കുറഞ്ഞു. തിരൂരങ്ങാടിയില്‍ 2011 ല്‍ 30 ശതമാനത്തിലേറെയായിരുന്നു വോട്ടുവ്യത്യാസം. എന്നാല്‍ ഇത് 2021 ല്‍ 6.48 ആണ്.
കോട്ടക്കലില്‍ 30.34 ഉള്ളത് 10.37 ആയി കുറഞ്ഞു. മങ്കടയില്‍ 19.46 ശതമാനത്തില്‍ നിന്ന് 3.71 ലേക്കാണ് കൂപ്പുകുത്തിയത്. മഞ്ചേരിയില്‍ 24.94 ശതമാനത്തില്‍ നിന്ന് 9.29 ലേക്ക് ഇടിഞ്ഞു.
വേങ്ങരയില്‍ 38.42 ശതമാനം വോട്ടുണ്ടായിരുന്നത് 2021 ല്‍ 23.26 ആയി കുറഞ്ഞു. പെരിന്തല്‍മണ്ണയില്‍ 7.17 ഉണ്ടായിരുന്നത് 0.02 ആയാണ് കുറഞ്ഞത്.
എല്‍.ഡി.എഫ് തുടര്‍ഭരണത്തിന് വിധിയെഴുതിയ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് ഉള്‍പ്പെട്ട യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 99 സീറ്റുകളുമായി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ 41 സീറ്റില്‍ യു.ഡി.എഫ്. ഒതുങ്ങി.
എന്നാല്‍ ലീഗിന്റെ കോട്ടകള്‍ ഭദ്രമാണെന്നും അടിത്തറയിളകിയിട്ടില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്.
(പഠനത്തിന്റെ പൂര്‍ണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: IUML Kerala Election Vote Share decline PK Kunjalikkutty Muslim League