കോഴിക്കോട്: പത്ത് വര്‍ഷത്തിനിടെ മുസ്‌ലീം ലീഗിന്റെ വോട്ടില്‍ കുറവുണ്ടായതായി പഠനം. ജാമിഅ മില്ലിയ മീഡിയ സ്റ്റഡീസ് വിദ്യാര്‍ത്ഥി നൗഷാദ് തൂമ്പത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി അഫ്‌സലുമാണ് പഠനം നടത്തിയത്.
2011-21 വര്‍ഷക്കാലയളവില്‍ മൂന്ന് തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് സമാഹരിച്ച വോട്ടുകളുടേയും സീറ്റുകളുടേയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 2011 ല്‍ 23 സീറ്റില്‍ മത്സരിച്ച ലീഗിന് 20 സീറ്റുകളില്‍ ജയിക്കാനായിരുന്നു. 7.92 ശതമാനം വോട്ടുകളായിരുന്നു സമാഹരിച്ചത്.
2016 ലും 23 സീറ്റില്‍ മത്സരിച്ചെങ്കിലും 18 സീറ്റിലേ വിജയിക്കാനായുള്ളൂ. 7.4 ശതമാനമായി വോട്ട് കുറയുകയും ചെയ്തു. 2021 ല്‍ 27 സീറ്റില്‍ മത്സരിച്ച ലീഗ് 8.27 ശതമാനം വോട്ട് നേടിയെങ്കിലും 15 സീറ്റില്‍ മാത്രമാണ് ജയിച്ചത്.
കളമശ്ശേരി, മണ്ണാര്‍ക്കാട്, ഗുരുവായൂര്‍, തിരൂര്‍, തിരൂരങ്ങാടി, മങ്കട, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, വേങ്ങര, മലപ്പുറം, മഞ്ചേരി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി, അഴീക്കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ലീഗിന്റെ വോട്ടുശതമാനത്തില്‍ കുറവുണ്ടായതായി പഠനത്തില്‍ കാണുന്നു.
ഇതില്‍ തിരൂര്‍ മണ്ഡലത്തില്‍ 2011 ല്‍ എതിര്‍പാര്‍ട്ടിയുമായി 18.65 ശതമാനം വോട്ടിന്റെ വ്യത്യാസമായിരുന്നു ലീഗിനുണ്ടായിരുന്നത്. എന്നാല്‍ 2021 ല്‍ ഇത് 4.23 ആയി കുറഞ്ഞു. തിരൂരങ്ങാടിയില്‍ 2011 ല്‍ 30 ശതമാനത്തിലേറെയായിരുന്നു വോട്ടുവ്യത്യാസം. എന്നാല്‍ ഇത് 2021 ല്‍ 6.48 ആണ്.