| Monday, 18th June 2018, 7:41 pm

വീട് വെയ്ക്കാന്‍ ഇരുപത് ലക്ഷം തരാം എന്ന് പറഞ്ഞ് മുസ്‌ലീം ലീഗ് പറ്റിച്ചു; രോഹിത്ത് വെമുലയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: മുസ്‌ലീം ലീഗ് വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം രൂപ രണ്ട് വര്‍ഷം പിന്നിട്ടിട്ടും തന്നിട്ടിലെന്ന് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല.

രോഹിത് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് രോഹിത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഇരുപത് ലക്ഷം രൂപ നല്‍കുമെന്ന് മുസ്‌ലീം ലീഗ് പ്രഖ്യാപിച്ചത്. രോഹിത് പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സഖ്യകക്ഷിയാണ് മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്.

വീട് നിര്‍മ്മിക്കാന്‍ വേണ്ടി വിജയവാഡക്കും ഗുണ്ടൂരിനും ഇടയിലുള്ള സ്ഥലം മുസ്‌ലീം ലീഗ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.

രോഹിത്തിന്റെ മരണശേഷം തന്നെ കാണാന്‍ വന്ന ആളുകളെപറ്റി തനിക്ക് ധാരണ ഇല്ലായിരുന്നു. മുസ്‌ലീം ലീഗ് പ്രതിനിധികള്‍ തന്നെ കേരളത്തില്‍ 40,000പേര്‍ പങ്കെടുത്ത ചടങ്ങിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ചാണ് തങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീട് നിര്‍മ്മിക്കാന്‍ തരുമെന്ന് വാഗ്ദാനം ചെയ്തത്, രാധികാ വെമുല മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ഉപയോഗിച്ച് മുസ്‌ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും, തന്നെ മുഖ്യ അതിഥിയായി വിവിധ പരിപാടികളില്‍ ഉയര്‍ത്തി കാണിച്ചുവെന്നും രാധികാ വെമുലയുടെ പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് തന്റെ മരുമകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ 15 ലക്ഷത്തിന്റെ ചെക്ക് ചടങ്ങില്‍ വെച്ച് കൈമാറും എന്ന് പറഞ്ഞ് മുസ്‌ലീം ലീഗ് നേതാക്കള്‍ തന്നെ കൂട്ടികൊണ്ട് പോവുകയായിരുന്നു. എന്നാല്‍ കേരളാ മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി. കെ സുബൈര്‍ തന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു.

ഗുണ്ടൂരില്‍ തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ വലിയ ചെക്കില്‍ 25 ലക്ഷം എന്നെഴുതി തനിക്കൊപ്പം ഫോട്ടൊ എടുത്തതായും രാധിക വെമുല ആരോപിക്കുന്നുണ്ട്.


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more