മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശക്കെതിരെ സമസ്തക്ക് പിന്നാലെ മുസ്‌ലിം ലീഗിലും പ്രതിഷേധം. സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുസര്‍ക്കാരിന്റെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല. സര്‍ക്കാരിന്റെ താല്‍പര്യം ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സമസ്ത അടക്കമുള്ള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തില്‍ സമസ്തയ്ക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്‌കരണത്തിന് തുനിഞ്ഞാല്‍ ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ സമയമാറ്റത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പേ മത സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം നടപ്പാക്കിയാല്‍ അത് മത വിദ്യാഭ്യാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളിലെ സമയക്രമം പുനഃക്രമീകരിക്കാന്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമസ്തയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത് വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സമസ്തയുടെ പ്രതികരണം.
ഖാദര്‍ കമ്മിറ്റി ശിപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
‘കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30 നുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല.
2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂള്‍ സമയ നിര്‍ദേശത്തിനെതിരേ ശക്തമായ എതിര്‍പ്പുമൂലം അന്നത്തെ സര്‍ക്കാര്‍ സമയമാറ്റ നിര്‍ദേശം പിന്‍വലിച്ചതാണ്. പ്രസ്തുത നിര്‍ദേശം വീണ്ടും കൊണ്ടുവരുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന്’ സംയുക്ത പ്രസ്താവനയിലൂടെ സമസ്ത പറഞ്ഞു.
സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ വൈകിട്ട് ഒരു മണി വരെ ആക്കണമെന്നാണ് ഡോ. എം.എ ഖാദര്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ സമയം രാവിലെയാണെന്നും ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്ലിം സ്‌കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ് നിലവില്‍ പഠന സമയം.
2007 ലെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദേശം കൊണ്ടുവന്നപ്പോള്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പും കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.