| Friday, 6th September 2019, 2:50 pm

കാലം തെറ്റി പിറന്ന ഇട്ടിമാണിയൂം കൂട്ടരും

അശ്വിന്‍ രാജ്

മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ള ഇരട്ട സംവിധായകര്‍ ഉണ്ടായിട്ടുണ്ട്. സിദ്ധീഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, അനില്‍-ബാബു തുടങ്ങി നിരവധി പേര്‍. ഇവരുടെ നിരയിലേക്കാണ് പുതിയ ഇരട്ട സംവിധായകര്‍ ആയ ജിബിയും ജോജുവും എത്തിയിരിക്കുന്നത്.

ആദ്യ ചിത്രം തന്നെ മോഹന്‍ലാലിനെ നായകനാക്കി ഗംഭീരതുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍ മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്തും കച്ചവടം ചെയ്യാന്‍ സാധിക്കുന്ന സ്ഥലം എന്നാണ് കുന്ദംകുളത്തെ കുറിച്ച് പറയുന്നത്. അവിടെ നിന്ന് ചൈനയില്‍ എത്തിയ ഇട്ടിമാത്തന്റെ മകന്‍ ഇട്ടിമാണിയുടെ കഥയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പറയുന്നത്.

സമകാലീന സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. എങ്കിലും കാലം തെറ്റി പിറന്ന സിനിമയെന്ന് ഇട്ടിമാണിയെ കുറിച്ച് പറയേണ്ടിവരും.

കുന്ദംകുളത്തെ കച്ചവടക്കാരനായ ഇട്ടിമാണി ഒരു ചൈനീസ് കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നുണ്ട്. തന്റെ വ്യാജ ഉത്പന്നങ്ങളുടെ ബിസിനസിന് ഒരു മറയാക്കിയാണ് ഇട്ടിമാണി ഈ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്.

അമ്മ തെയ്യാമ്മയുടെ ഓപ്പറേഷന് പോലും ആശുപത്രിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്ന സ്വഭാവക്കാരനാണ് ഇട്ടിമാണി. ആദ്യ പകുതിയില്‍ മൊത്തം ഇട്ടിമാണിയുടെ സ്വഭാവവും ജീവിതവും പ്രേക്ഷകന് കാണിച്ചുകൊടുക്കുകയാണ് സിനിമ. അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് സംഭവിക്കുന്നിടത്ത് ചിത്രത്തിന് ഇടവേളയാകുന്നു. രണ്ടാം പകുതിയില്‍ പിന്നീട് പൂര്‍ണമായി ഈ ട്വിസ്റ്റും അതിനെ സാധൂകരിക്കാനുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹന്‍ലാലിന്റെ തന്നെ മുന്‍ ചിത്രമായ ഡ്രാമയുടെ കഥാപാശ്ചാത്തലം ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. തന്റെ സ്വത:സിദ്ധമായ കോമഡിയില്‍ മോഹന്‍ലാല്‍ ചിത്രത്തിനെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും തിരക്കഥയിലെ പോരായ്മകള്‍ ചിലപ്പോഴെങ്കിലും കല്ലുകടിയാവുന്നുണ്ട്.

സംവിധായകര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ആദ്യചിത്രം എന്ന നിലയില്‍ ചെറിയ കല്ലുകടികള്‍ കണ്ടില്ലെന്ന് വെയ്ക്കാമെങ്കിലും ചിലപ്പോഴെങ്കിലും രണ്ടാം പകുതിയില്‍ 90-കളില്‍ ഇറങ്ങിയിരുന്ന ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. മലയാള സിനിമയില്‍ കുറച്ച് കാലമായി അന്യം നിന്ന് കൊണ്ടിരിക്കുന്ന ദ്വയാര്‍ത്ഥ കോമഡികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പൂര്‍വ്വാധികം ശക്തിയോടെ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.

കെ.പി.എ.സി ലളിത അവതരിപ്പിച്ച് തെയ്യാമയും ഇട്ടിമാണിയും തമ്മിലുള്ള കെമസ്ട്രി മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞു. രാധിക ശരത്കുമാറിന്റെ അന്നാമ എന്ന കഥാപാത്രവും മികച്ചു നിന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നായിക ഹണി റോസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ധര്‍മ്മജന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, ജോണി ആന്റണി തുടങ്ങി നിരവധി പേര്‍ ചിത്രത്തിലെ കോമഡി കൈകാര്യം ചെയ്യാന്‍ ഉണ്ടെങ്കിലും സിദ്ധിഖിന്റെ പള്ളീലച്ചന്‍ വേഷമാണ് സ്‌കോര്‍ ചെയ്തത്. ചിത്രത്തില്‍ സിദ്ധീഖ് എത്തുന്ന സ്ഥലങ്ങള്‍ എല്ലാം തിയേറ്ററില്‍ ചിരി ഉണര്‍ത്തിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ രണ്ടും മികച്ച് നിന്നു എം.ജി ശ്രീകുമാറും സംഘവും പാടിയ ടൈറ്റില്‍ ഗാനവും മോഹന്‍ലാലും വൈക്കം വിജയ ലക്ഷമിയും ആലപിച്ച ഗാനവും കുഴപ്പമില്ലായിരുന്നു. ഫോര്‍ മ്യൂസികും ദീപക് ദേവുമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

ഷാജി കുമാറാണ് ക്യാമറ, സുരജ് ഇ.എസ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മുന്‍ചിത്രങ്ങളിലെ പോലെ തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഗസ്റ്റ് റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഈ ഓണകാലത്ത് കുടുംബമായി പോയി കണ്ടിറങ്ങാവുന്ന ഒരു ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.

എന്‍.ബി: ഇട്ടിമാണി മാസാണ് മനസുമാണ് എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ആവോ ?

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more