|

അങ്കിൾ അല്ലെ, ബഹളം വെക്കരുത്; മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് യുവതി ചാടിയ സംഭവത്തിലെ ഡിജിറ്റൽ തെളിവുകൾ പുറത്ത് വിട്ട് കുടുംബം. യുവതി ബഹളമുണ്ടാക്കുന്നതും കൂടെയുള്ളവർ യുവതിയോട് ബഹളം വെക്കരുതെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

തന്നെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് യുവതി ആർത്ത് കരയുന്നതും മറുവശത്തുള്ള ആൾ അങ്കിൾ ആണ് ഒച്ചയുണ്ടാക്കരുത് തന്റെ മാനം പോകും എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

അതി ഭീകരമായ ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതിയുടെ കുടുംബം തന്നെയാണ്. യുവതിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത് ശനിയാഴ്ച രാത്രി 11:30നോടുകൂടിയാണ്. ഈ സമയത്ത് അതിക്രമത്തിനിരയായ പെൺകുട്ടി മൊബൈലിൽ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ റെക്കോർഡ് ആയ വീഡിയോ ആണ് കുടുംബം ഡിജിറ്റൽ തെളിവുകൾ എന്ന നിലയിൽ പുറത്ത് വിട്ടിരിക്കുന്നത്.

പൊലീസ് അന്വേഷണവും നടപടിയും വൈകുന്നതിൽ നിരാശ പ്രകടിപ്പിച്ച പെൺകുട്ടിയുടെ ബന്ധു കഴിഞ്ഞ ദിവസം ഡിജിറ്റൽ തെളിവുകൾ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തെളിവുകൾ പുറത്ത് വിട്ടത്.

പുറത്ത് വിട്ട ദൃശ്യങ്ങളിൽ പെൺകുട്ടി ഹോട്ടൽ ഉടമയെ അങ്കിൾ എന്നാണ് വിളിച്ചിരുന്നതെന്ന് കേൾക്കാം. ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് ഹോട്ടൽ ഉടമയടക്കം മൂന്ന് പേർ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ രക്ഷപ്പെടാൻ വേണ്ടി യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഹോട്ടൽ ഉടമസ്ഥനും രണ്ട് ജീവനക്കാരും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നൽകുകയും ചെയ്തു. ഹോട്ടലിനോട് ചേർന്ന് വാടക കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.

വീഴ്‌ചയില്‍ നട്ടെല്ലിന് പരിക്കേറ്റ യുവതിയെ ആദ്യം മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Content Highlight: its Uncle don’t make a fuss; The footage of the woman before she jumped from the building while resisting the rape attempt in Mukkam is out