| Tuesday, 11th February 2020, 5:07 pm

ബി.ജെ.പിക്ക് ഇത് കനത്ത പരാജയം; ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചപ്പോള്‍ എങ്ങുമെത്താനാവാതെ ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. 63 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമ്പോള്‍ കേവലം ഏഴു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമായിരുന്നു ബി.ജെ.പി നേരിട്ടത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോവുകയും ചെയ്തു.

അതേസമയം കെജ്‌രിവാളിനെ അഭിനന്ദിച്ച് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ രംഗത്തെത്തിയരുന്നു. ദല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കുന്നെന്നും ബി.ജെ.പി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും നദ്ദ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ വിജയമാണ് നേടിയത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നതും പൗരത്വ ഭേദഗതി പ്രതിഷേധങ്ങള്‍ ഏറ്റവും ശക്തമായി നടന്ന തലസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടതും പാര്‍ട്ടിക്ക് ദോഷമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അരവിന്ദ് കെജ്രിവാള്‍ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വെച്ചു നല്‍കുകയാണെന്നടക്കമുള്ള പ്രസ്താവനകളും ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷാഹീന്‍ ബാഗില്‍ ഒരു തവണയും ജാമിഅയില്‍ രണ്ടു തവണയും പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പു നടന്നിരുന്നു.

കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ 3 സീറ്റുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more