മുസ്‌ലിംങ്ങളെ ഇന്ത്യക്കാരായി കാണാത്തത് ഖേദകരം: ജാവേദ് അക്തര്‍
Daily News
മുസ്‌ലിംങ്ങളെ ഇന്ത്യക്കാരായി കാണാത്തത് ഖേദകരം: ജാവേദ് അക്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 11:56 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളെ പൗരന്‍മായി കാണാത്തത് വളരെ ഖേദകരമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ജാവേദ് അക്തര്‍. “ടിപ്പുസുല്‍ത്താനെ ഇന്ത്യക്കാരനായി കാണുന്നില്ലെന്ന ചിന്തയോട് യോജിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ദേശവിരുദ്ദനായിത്തീരുന്നു. അപ്പോള്‍ ഞാന്‍ ഒരു ദേശവിരുദ്ദനാണ്.”

അക്ബര്‍ ഇന്ത്യയില്‍ ജനിച്ച ഇന്ത്യക്കാരനാണെന്നും അദ്ദേഹം രാജ്യത്തിന്റെ വളര്‍ച്ചക്ക് സംഭാവന നല്‍കിയാണ് മരിച്ചെതെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

“ചിലര്‍ ദേശീയതെയെ തെറ്റായി വ്യാഖ്യാനിക്കുന്നു. അവരാണ് രാജ്യമെന്ന് അവര്‍ കരുതുന്നു. അവരെ നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങള്‍ ദേശവിരുദ്ദരാകും”.

“ഈ രാഷ്ട്രീയക്കാര്‍ വിളവെടുക്കുന്ന വിളകളെപ്പോലെയാണ്. വിളകള്‍ മാറുന്നതിനനുസരിച്ച് അവരും മാറും. അവര്‍ക്ക് സ്ഥിരതയില്ല. രാഷ്ട്രീയക്കാരനെക്കാളും രാഷ്ട്രീയ പാര്‍ട്ടിയെക്കാളും വലുതാണ് രാജ്യം. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അവനാണ് വലുതെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.” അക്തര്‍ പറഞ്ഞു.

ദല്‍ഹിയിലെ അക്ബര്‍ റോഡ് പേര് മാറ്റി മഹാറാണാ പ്രതാപ് റോഡ് എന്നാക്കണമെന്ന് പറഞ്ഞതിന് കേന്ദ്രമന്ത്രി വി.കെ സിങ്ങിനെ ജാവേദ് അക്തര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

“ഈ രാജ്യം നിരവധി നേതാക്കന്‍മാരെ വാര്‍ത്തെടുത്തിട്ടുണ്ട്. അക്ബര്‍ ഇല്ലാതെ ആ ലിസ്റ്റ് മുഴുവനാവുകയില്ല. മറ്റാരും കിടപിടിക്കാനില്ലാത്തവിധം കാഴ്ചപ്പാടുള്ള വ്യക്തിയാണദ്ദേഹം. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ വരെ കേള്‍ക്കാത്ത വാക്കാണ് മതേതരത്വം. എന്നാല്‍ ഇന്ത്യയില്‍ അത് എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്തയാളാണ് അക്ബര്‍.” ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

അക്ബറിനെപ്പോലെയുള്ള മതേതര മുസ്ലീങ്ങള്‍ ഇന്ത്യയില്‍ മതമൗലികവാദികളാല്‍ അക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആജ്തക് ടിവിയുടെ സാഹിത്യ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അക്തര്‍.