എസ്.ഡി.പി.ഐയുടെ താലിബാന്‍ മോഡല്‍ ആക്രമണമാണ് മഹാരാജാസില്‍ നടന്നത്; വര്‍ഗീയ ധ്രുവീകരണമാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യമെന്നും സി.പി.ഐ.എം
Kerala News
എസ്.ഡി.പി.ഐയുടെ താലിബാന്‍ മോഡല്‍ ആക്രമണമാണ് മഹാരാജാസില്‍ നടന്നത്; വര്‍ഗീയ ധ്രുവീകരണമാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യമെന്നും സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 7:25 pm

തിരുവനന്തപുരം: മഹാരാജാസില്‍ നടന്നത് എസ്.ഡി.പി.ഐയുടെ താലിബാന്‍ മോഡല്‍ ആക്രമണമെന്ന് സി.പി.ഐ.എം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ് എസ്.ഡി.പി.ഐ ശ്രമമെന്നും അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ആലപ്പുഴയിലും കൊട്ടാരക്കരയിലും നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള എസ്.ഡി.പി.ഐയുടെ ശ്രമങ്ങളെ തുറന്ന് കാട്ടാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് ഈ മാസം 10 ന് 4 മണി മുതല്‍ 7 മണിവരെ ഏരിയാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് അറിയിച്ചു.


Also Read കാമ്പസ് ഫ്രണ്ട് ആരുടെ ഉത്തരവാദിത്വം?


ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ സംഘടിക്കണമെന്ന ചിന്ത വളര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ആര്‍.എസ്.എസും ഇതേ രൂപത്തിലുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്. നാണയത്തിന്റെ ഇരുവശമാണ് രണ്ട് കൂട്ടരും. എസ്.ഡി.പി.ഐ യുടെ ഇത്തരം പ്രവര്‍ത്തനം സംഘപരിവാര്‍ ശക്തികളെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും പാര്‍ട്ടി വ്യക്തമാക്കി.

ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസിന്റെ ശത്രുവായാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി രംഗത്ത് നിന്നും ഒറ്റപ്പെട്ട ഇവര്‍ പല രൂപത്തിലുള്ള സംഘടന രൂപീകരിച്ച് വര്‍ഗീയ ശക്തികളുടെ കീഴില്‍ അണിനിരത്താനാണ് ശ്രമിക്കുന്നത്. എസ്.എഫ്.ഐയുടെ സ്വാധീനമാണ് അതിന് തടസമെന്ന് വന്നതുകൊണ്ടാണ് എസ്.എഫ്.ഐയുടെ ഉശിരന്മാരായ പ്രവര്‍ത്തകരെ കൊലപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ആസൂത്രിതനീക്കം നടത്തുന്നത്. സി.പി.ഐ.എം ചൂണ്ടികാട്ടുന്നു.


Also Read ഇമ്മാതിരി പൈങ്കിളി സാഹിത്യം വിളമ്പി അവന്റെ രാഷ്ട്രീയത്തെ അപമാനിക്കരുത്; ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സഖാക്കള്‍

കഠ്‌വ സംഭവത്തിന്റെ പേരില്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഇരുചേരികളായി വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരണം നടത്തി ഹര്‍ത്താല്‍ നടത്താനും അതുവഴി കലാപത്തിനും ശ്രമിച്ചപ്പോള്‍ കേരള പൊലീസിന്റെ ശക്തമായ ഇടപെടലാണ് കേരളത്തെ രക്ഷിച്ചത്. നിതാന്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇത്തരം ശക്തികള്‍ തനിനിറം പ്രകടിപ്പിക്കും. ഇത് കണക്കിലെടുത്ത് ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ത്ത് വര്‍ഗീയത ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണമെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.