ജനം ടി.വി തീവ്രവാദികളാക്കിയത് നടന്‍ സലിംകുമാറിനെ സ്വീകരിക്കാന്‍ നിന്ന വിദ്യാര്‍ത്ഥികളെ; പരിപാടി നടന്നത് കഴിഞ്ഞ മാര്‍ച്ചില്‍
Fact Check
ജനം ടി.വി തീവ്രവാദികളാക്കിയത് നടന്‍ സലിംകുമാറിനെ സ്വീകരിക്കാന്‍ നിന്ന വിദ്യാര്‍ത്ഥികളെ; പരിപാടി നടന്നത് കഴിഞ്ഞ മാര്‍ച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2018, 10:40 pm

വര്‍ക്കല: വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്തയില്‍ കാണിച്ച ദൃശ്യങ്ങള്‍ നടന്‍ സലിംകുമാറിനെ വരവേല്‍ക്കാന്‍ വേഷ ധരിച്ച വിദ്യാര്‍ത്ഥികളെ.

കഴിഞ്ഞ മാര്‍ച്ച് മാസം കോളെജില്‍ നടന്ന വാര്‍ഷികാഘോഷത്തിനെ തുടര്‍ന്ന് ഉദ്ഘാടകനായി വന്ന സലിംകുമാറിനെ സ്വീകരിക്കാന്‍ വേഷം ധരിച്ച വിദ്യാര്‍ത്ഥികളെയാണ് ഭീകരവാദികളായി ജനം ടി.വി കാണിച്ചത്.

ട്രോളന്‍മാരുടെ ഇഷ്ട താരമായ സലിംകുമാര്‍ അഭിനയിച്ച സി.ഐ.ഡി മൂസയിലെ വേഷം അനുകരിച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കറുത്ത് വേഷം അണിഞ്ഞത്. പരിപാടിയില്‍ സലിം കുമാറിനോട് കറുപ്പ് വേഷമണിഞ്ഞെത്താനും വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സലിംകുമാര്‍ കറുപ്പ് വേഷം ധരിച്ചെത്തി.

Also Read  വര്‍ക്കല സി.എച്ച് മുഹമ്മദ് കോളേജിന് അല്‍ ഖാഇദ ബന്ധം: ജനം ടിവിയുടേത് വ്യാജ വാര്‍ത്തയാണെന്ന് പൊലീസ്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും കറുപ്പ് വേഷത്തിലായിരുന്നു എത്തിയത്. പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പങ്ക് വെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ജനം ടി.വി വിദ്യാര്‍ത്ഥികളെയും കോളെജിനെയും തീവ്രവാദി ബന്ധമുള്ളതായി ആരോപിച്ചത്.

നേരത്തെ ജനം ടിവിയുടെ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ വ്യക്തമാക്കിയിരുന്നു. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

“കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം” എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി ഇന്ന് “ബിഗ് ബ്രേക്കിങ്” പുറത്തു വിട്ടത്.

Also Read  ജനം ടി.വിക്കെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍; വര്‍ക്കല സി.എച്ച്.എം.എം കോളേജില്‍ അല്‍ ഖാഇദ ബന്ധമുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ നാടിന് ആപത്ത്

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്.

കോളേജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്ക് റേസ് മറ്റും വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു ഇതാണ് വാര്‍ത്തയായി വന്നത്. പിന്നെ ബാത്ത് റൂമിലൊക്കെ ചിത്രങ്ങളൊക്കെ വരച്ചു വെച്ചിരുന്നു. “പൈറേറ്റ്സ്” എന്നാണ് എഴുതി വെച്ചിരിക്കുന്നത്. ജനം ടി.വി ഇതിന് തീവ്രവാദം സ്വഭാവം നല്‍കുകയാണുണ്ടായത്. സംഭവത്തില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് പറഞ്ഞത് ജനം ടി.വി വാര്‍ത്ത കൊടുത്ത സാഹചര്യത്തിലാണെന്നും അയിരൂര്‍ പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

DoolNews Video