ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് (ജൂണ്‍) പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നത്. 2023 ജനുവരിയിലും അതേ വര്‍ഷം സെപ്റ്റംബറിലുമാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരേ സമയം അവസാന മൂന്നിലെത്തിയത്.
ജനുവരിയില്‍ മുഹമ്മദ് സിറാജും ശുഭ്മന്‍ ഗില്ലുമാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇവര്‍ക്കൊപ്പം ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയും അവസാന മൂന്നിലെത്തി.
സിറാജിനെയും കോണ്‍വേയെയും മറികടന്ന് ഗില്ലാണ് അന്ന് പുരസ്‌കാരം സ്വന്തമാക്കിയത്.
ശേഷം 2023 സെപ്റ്റംബറിലും ഗില്ലും സിറാജും ഒന്നിച്ച് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു. ഇത്തവണ ഇംഗ്ലണ്ട് താരം ഡേവിഡ് മലനായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ജനുവരി മാസത്തിന്റെ ആവര്‍ത്തനമെന്നോണം സിറാജിനെയും ഡേവിഡ് മലനെയും പിന്തള്ളി ഗില്‍ വീണ്ടും പുരസ്‌കാരം സ്വന്തമാക്കി.
അതേസമയം, ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മ പട്ടികയുടെ ഭാഗമായത്. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനും ഹിറ്റ്മാന്‍ തന്നെയായിരുന്നു. 36.71 ശരാശരിയിലും 156.7 സ്ട്രൈക്ക് റേറ്റിലും 257 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്.
സൂപ്പര്‍ 8ല്‍ ഓസ്ട്രേലിയക്കെതിരെ 41 പന്തില്‍ നേടിയ 91 റണ്‍സാണ് ടൂര്‍ണമെന്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ലോകകപ്പിന് സമാനമായ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ 39പന്തില്‍ 57 റണ്‍സ് നേടി ടീമിന്റെ ടോട്ടലില്‍ നിര്‍ണായകമായതും രോഹിത് തന്നെയായിരുന്നു.
ലോകകപ്പിന്റെ താരമായാണ് ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദി മന്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യക്ക് ഏത് ഫോര്‍മാറ്റിലും ആശ്രയിക്കാവുന്ന താരമായ ജസ്പ്രീത് ഈ ലോകകപ്പിലും തന്റെ മികവ് വ്യക്തമാക്കിയിരുന്നു.
എട്ട് മത്സരത്തില്‍ നിന്നും 15 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. 8.26 ശരാശരിയിലും 4.17 എന്ന മികച്ച എക്കോണമിയിലുമാണ് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ലോകകപ്പില്‍ പന്തെറിഞ്ഞത്.
ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് റഹ്‌മാനുള്ള ഗുര്‍ബാസ് ജൂണ്‍ മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരമാകാന്‍ ഒരുങ്ങുന്നത്. 35.12 എന്ന ശരാശരിയിലും 124.33 എന്ന സ്ട്രൈക്ക് റേറ്റിലും 281 റണ്‍സാണ് താരം നേടിയത്. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു താരം ലോകകപ്പ് റണ്‍ വേട്ടക്കാരില്‍ ഒന്നാമനാകുന്നത്.
വിജയിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് പ്രക്രിയയില്‍ വോട്ടിങ് അക്കാദമി അവരുടെ വോട്ടുകള്‍ ഇ-മെയിലൂടെ സമര്‍പ്പിക്കും. 90 ശതമാനം വോട്ടുകളും ഇവരാണ് രേഖപ്പെടുത്തുക. ഐ.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ക്കാണ് ശേഷിക്കുന്ന പത്ത് ശതമാനം വോട്ടുകള്‍ക്കുള്ള അവകാശം. ഐ.സി.സി വെബ്സൈറ്റിലൂടെയാണ് ഈ വേട്ടുകള്‍ രേഖപ്പെടുത്തുക.
പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്റ്റേഴ്സ്, ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മേഴ്സ് എന്നിവരാണ് വോട്ടിങ് അക്കാദമിയിലുള്ളത്.
Also Read: കൊടുങ്കാറ്റായി പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും; സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തോല്‍വി!
Also Read: ഇന്ത്യയ്ക്ക് വമ്പന്‍ വരവേല്‍പ്പ്, മറൈന്‍ ഡ്രൈവില്‍ ജനസാഗരം!
Also Read: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍!
Content highlight: Its for the 3rd time 2 Indians nominated for ICC Men’s Player of a Month