കാശ്മീര്‍ വിഷയം പരിഹരിക്കേണ്ടത് അമേരിക്കയല്ല, ഇന്ത്യയും പാക്കിസ്ഥാനുമാണ്: യു.എസ്
Daily News
കാശ്മീര്‍ വിഷയം പരിഹരിക്കേണ്ടത് അമേരിക്കയല്ല, ഇന്ത്യയും പാക്കിസ്ഥാനുമാണ്: യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th November 2015, 9:55 am

john-kirbiയു.എസ്: കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലെന്നും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനുമാണെന്നും അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ റഹീല്‍ ഷരീഫ് പാക് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തിയിരുന്നു. കാശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തെ കുറിച്ചും ചര്‍ച്ചയില്‍ പ്രതിപാദിച്ചിരുന്നു.

ഈ ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്ക് കാശ്മീര്‍ വിഷയത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന നിലപാടുമായി യു.എസ് രംഗത്തെത്തിയത്.

കശ്മീര്‍ നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് യു.എസ് വക്താവ് വ്യക്തമാക്കി. ആ മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്.

പ്രസ്തുത വിഷയത്തില്‍ ഇരുസര്‍ക്കാരുകളും സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാവുകയും പ്രശ്‌നം പരിഹരിക്കുകയുമാണ് വേണ്ടതെന്നും ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.എസ് പാക്കിസ്ഥാന്‍ ബന്ധത്തെ രാജ്യം സ്വാഗതം ചെയ്യുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം നിലനിര്‍ത്തിപ്പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താനാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്നും കിര്‍ബി പറഞ്ഞു.