| Sunday, 16th September 2018, 6:02 pm

ആ വാര്‍ത്തകള്‍ തെറ്റ്; സച്ചിന്റെ ഓഹരികള്‍ വാങ്ങിയത് ലുലു ഗ്രൂപ്പ് അല്ല

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിറ്റഴിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. മലയാളിയായ എം.എ യുസഫലിയുടെ ലുലു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. സച്ചിന്റെ ഓഹരികള്‍ വാങ്ങിയത് പുറത്തുനിന്നുള്ളവരല്ല. ടീമിന്റെ സഹ ഉടമകള്‍ തന്നെയായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ക്കാണ് സച്ചിന്റെ ഓഹരികള്‍ നല്‍കിയെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞത്.

Also Read പെനാല്‍റ്റി എടുക്കല്‍ വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ട്, മെച്ചപ്പെടുത്തും: മെസ്സി

മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്നും സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് പറഞ്ഞു.

സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിലെ ഓഹരികള്‍ വിറ്റെന്നും ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നും പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.

2015ല്‍ പോട്ടലുരിയുടെ പി.വി.പി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

Also Read ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ബംഗ്ലാദേശിന് ആദ്യ ജയം

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്ളൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്.

ഇതിന് ശേഷം ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും എത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്.

പി.വി.പി. ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ് ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക് എത്തിച്ചത്.

DoolNews Video

We use cookies to give you the best possible experience. Learn more