| Thursday, 8th November 2018, 10:28 pm

'കോഴിക്കോട് കളക്ടറെ മാറ്റുന്ന ദിവസം തന്നെ ഇങ്ങനെ ഫേക്ക് ന്യൂസുമായി പൊറാട്ട് കളിക്കേണ്ട ഞാന്‍ ഇനി അങ്ങോട്ട് ഇല്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രശാന്ത് നായര്‍ ഐ.എ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍ക്ക് 25 ലക്ഷം രൂപ പിഴ എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി പ്രശാന്ത് നായര്‍.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക് റെക്കോര്‍ഡ് ഉള്ള, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ് സംഘടനയുടെ പേരില്‍ പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജന്‍സും ഇല്ലാതെ അയാള്‍ പറയുന്നത് അതേ പടി ചില മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നതും ഇന്നലെ കണ്ടെന്ന് അദ്ദേഹം പറയുന്നു.

25 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ കോപ്പി പത്രക്കാര്‍ക്ക് ഇത്തരം ആരോപണം ഉന്നയിക്കുന്നയാള്‍ നല്‍കണമെല്ലോ എന്നാല്‍ അത്തരമൊരു കോപ്പി ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പ്രശാന്ത് നായര്‍ പറയുന്നു. പത്രസമ്മേളനത്തില്‍ വിതരണം ചെയ്യുന്ന കടലാസ്സുകള്‍ എന്തെന്ന് വായിച്ച് നോക്കാന്‍ തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകള്‍ക്ക് ഉണ്ട് എന്നായിരുന്നു എന്റെ ധാരണയെന്നും പ്രശാന്ത് നായര്‍ പരിഹസിച്ചു.

Also Read സനലിന്റെ മരണം: നെയ്യാറ്റിന്‍കര എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ, ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയുടെ അഭിനവ “റിപ്പോര്‍ട്ടിന്റെ” വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അതില്‍ എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ല്‍ മാന്യ സെക്രടേറിയറ്റ് ഗുമസ്തന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കൊലക്കേസ് ഒഴികെ എല്ലാം എന്റെ തലയില്‍ വെക്കുമ്പോഴും 3.11.2017 ല്‍ ബഹു.റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത റാറ്റിഫിക്കേഷന്‍ തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത് കണ്ടിരുന്നെങ്കിലോ? അയാള്‍ എന്റെ മേല്‍ ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനില്‍കുമാറെന്ന സെക്രടേറിയറ്റ് ഉദ്യോഗസ്ഥന്‍ വ്യാജമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികള്‍ എടുത്ത് വരികയാണെന്നതും കൂടി ചേര്‍ത്ത് വായിക്കണം. പ്രശാന്ത് നായര്‍ പറഞ്ഞു.

IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോള്‍ ഇവരിലാരെയെങ്കിലും, അല്ലെങ്കില്‍ ഇവരുടെ ഓഫീസില്‍ ആരെയെങ്കിലും ഒരു ഫോണ്‍ വിളിച്ചാല്‍ അറിയാമല്ലോ നിജസ്ഥിതി? ഈ വാര്‍ത്ത ചെയ്തവര്‍ എന്ത് കൊണ്ട് ആ ഒരു കോള്‍ ചെയ്യാന്‍ മടിച്ചെന്നും പ്രശാന്ത് ചോദിക്കുന്നു.

സര്‍ക്കാര്‍ “ഉത്തരവിട്ടു” എന്ന് ഏതോ ഒരു വഴിപോക്കന്‍, അതും നല്ല ബെസ്റ്റ് ട്രാക്ക് റെക്കോര്‍ഡുള്ള ഒരാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ മതിയോ? പത്രസമേളനത്തില്‍ എഴുതി കൊടുത്തത് അതേപടി കൊടുത്താല്‍ അത് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയെന്നും ആര്‍.ടി.ഐ എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസം നിലച്ച്, എഴുതിക്കൊടുത്തത് അതേ പടി വാര്‍ത്തയായി കൊടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാവുന്നതാണ്. 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

ആദ്യമായല്ല ഇത്തരം ഉഡായിപ്പ് പരിപാടിയെന്നും വളരെയധികം ക്ഷമയോടെയാണ് ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്‍ത്തും. ഈ ഫേക് ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും, അച്ചടിച്ച/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കും നിരുപാധികം മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യാമെന്നും എഡിറ്റര്‍മാരുടെ നിലവാരമാണ് ഇനി അറിയാനുള്ളത്. എത്ര പേര്‍ മാപ്പു പറയും എന്നറിയാമല്ലോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Also Read നാഥനില്ലാ പരാതിക്ക് മറുപടിയില്ല: പി.കെ ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയെ കുറിച്ച് മന്ത്രി എ.കെ ബാലന്‍

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. കോഴിക്കോട്ട് കലക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ വരുന്ന എല്ലാ ക്യാബിനറ്റ് ദിവസവും ഇങ്ങനെ ഫേക് ന്യൂസും പൊറാട്ട് നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട് ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ എന്നും പ്രശാന്ത് നായര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ വാഹനം സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് 25 ലക്ഷം രൂപ പ്രശാന്ത് നായര്‍ക്ക് പിഴ സര്‍ക്കാര്‍ തന്റെ പരാതിയില്‍ ഉത്തരവിട്ടെന്ന് കെ.എം ബഷീര്‍ എന്ന വ്യക്തി പത്ര സമ്മേളനം നടത്തി രേഖകള്‍ പുറത്തുവിട്ടത്.

പ്രശാന്ത് നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,

ജോലിക്കിടെ വളരെ കഴിവുറ്റ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഏറെ ബഹുമാനം തോന്നിയവരും ഉണ്ട്. നിലപാടുകള്‍ കൊണ്ടും ഒബ്ജക്റ്റിവിറ്റി കൊണ്ടും. എന്നാല്‍ ഇവര്‍ക്കൊരപവാദമായ കുറേ പേരെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക് റെക്കോര്‍ഡ് ഉള്ള, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ് സംഘടനയുടെ പേരില്‍ പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജന്‍സും ഇല്ലാതെ അയാള്‍ പറയുന്നത് അതേ പടി ചില മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നതും ഇന്നലെ കണ്ടു.

ഈയുള്ളവന്റെ കയ്യില്‍ നിന്ന് 25 ലക്ഷം പിടിക്കാന്‍ “സര്‍ക്കാര്‍ ഉത്തരവ്” ഇറങ്ങി എന്നാണ് ഒരു മാന്യദേഹം കോഴിക്കോട്ട് പത്രസമ്മേളണം നടത്തി പറഞ്ഞത്. കൊള്ളാല്ലോ? അപ്പൊ ഉത്തരവിന്റെ കോപ്പി പത്രക്കാര്‍ക്ക് കൊടുത്ത് കാണും- അല്ലാതെ അവര്‍ അങ്ങനെ ഒരു വാര്‍ത്ത ചെയ്യില്ലല്ലോ. അന്വേഷിച്ചപ്പൊ അങ്ങനൊരു ഉത്തരവും ഇല്ല, ഉത്തരവിന്റെ കോപ്പിയും ഇല്ല. ശ്ശെടാ!

പത്രസമ്മേളനത്തില്‍ വിതരണം ചെയ്യുന്ന കടലാസ്സുകള്‍ എന്തെന്ന് വായിച്ച് നോക്കാന്‍ തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകള്‍ക്ക് ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ, ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയുടെ അഭിനവ “റിപ്പോര്‍ട്ടിന്റെ” വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അതില്‍ എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ല്‍ മാന്യ സെക്രടേറിയറ്റ് ഗുമസ്തന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കൊലക്കേസ് ഒഴികെ എല്ലാം എന്റെ തലയില്‍ വെക്കുമ്പോഴും 3.11.2017 ല്‍ ബഹു.റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത റാറ്റിഫിക്കേഷന്‍ തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത് കണ്ടിരുന്നെങ്കിലോ? അയാള്‍ എന്റെ മേല്‍ ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനില്‍കുമാറെന്ന സെക്രടേറിയറ്റ് ഉദ്യോഗസ്ഥന്‍ വ്യാജമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികള്‍ എടുത്ത് വരികയാണെന്നതും കൂടി ചേര്‍ത്ത് വായിക്കണം.

IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോള്‍ ഇവരിലാരെയെങ്കിലും, അല്ലെങ്കില്‍ ഇവരുടെ ഓഫീസില്‍ ആരെയെങ്കിലും ഒരു ഫോണ്‍ വിളിച്ചാല്‍ അറിയാമല്ലോ നിജസ്ഥിതി? ഈ വാര്‍ത്ത ചെയ്തവര്‍ എന്ത് കൊണ്ട് ആ ഒരു കോള്‍ ചെയ്യാന്‍ മടിച്ചു എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. സര്‍ക്കാര്‍ “ഉത്തരവിട്ടു” എന്ന് ഏതോ ഒരു വഴിപോക്കന്‍, അതും നല്ല ബെസ്റ്റ് ട്രാക്ക് റെക്കോര്‍ഡുള്ള ഒരാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ മതിയോ? പത്രസമേളനത്തില്‍ എഴുതി കൊടുത്തത് അതേപടി കൊടുത്താല്‍ അത് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയി.

RTI എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസം നിലച്ച്, എഴുതിക്കൊടുത്തത് അതേ പടി വാര്‍ത്തയായി കൊടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാവുന്നതാണ്. 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണ്.

ഞാനീ പറയുന്നതിന്റെ വിഷമം മനസ്സിലാവണമെങ്കില്‍ അദ്ധ്വാനിച്ച് പഠിച്ച്, പരീക്ഷ പാസ്സായി ജോലിയില്‍ കേറണം. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യണം. നിലപാടെടുക്കണം. കാശുണ്ടാക്കി മുകളിലുള്ളവന് മാസപ്പടി എത്തിക്കാന്‍ പറ്റില്ലെന്ന് മുഖത്ത് നോക്കി പറയണം. മൊയ്ലാളിമാരെ പിടിച്ച് പോസ്റ്റ് വാങ്ങാതെ, ആരുടേം തിണ്ണ നിരങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കണം. 10% കമ്മീഷന്‍ എന്ന ഇരട്ടപ്പേരില്ലാതെ ജീവിക്കണം. ഇങ്ങനെയല്ല ഒരുവന്റെ ജീവിതമെങ്കില്‍ റെപ്യുട്ടേഷന്റെ വില അയാള്‍ക്ക് മനസ്സിലാവില്ല.

ആദ്യമായല്ല ഇത്തരം ഉഡായിപ്പ് പരിപാടി. വളരെയധികം ക്ഷമയോടെയാണ് ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്‍ത്തും. ഈ ഫേക് ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും, അച്ചടിച്ച/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കും നിരുപാധികം മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യാം. എഡിറ്റര്‍മാരുടെ നിലവാരമാണ് ഇനി അറിയാനുള്ളത്. എത്ര പേര്‍ മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)

ഈ വിഷയത്തില്‍ കൂടുതല്‍ പറയാനോ എഴുതാനോ ഇനി ഇല്ല- കോടതിയില്‍ അഭയം പ്രാപിക്കുക എന്നതേ എന്നെപ്പോലുള്ളവര്‍ക്ക് സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ, മണല്‍-ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ, ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത് കൊണ്ട് നമുക്ക് ശരണം കോടതി മാത്രം. അവിടെ എല്ലാം പറയും. എല്ലാം.

ഇന്നലത്തെ പൊറാട്ട് നാടകത്തിന്റെ ടൈമിങ്ങിനെ കുറിച്ച് ഒരു വാക്ക്. കോഴിക്കോട്ട് എന്നെ സ്‌നേഹിക്കുന്നവരെ പോലെ എന്നെ ഭയപ്പെടുന്നവരും ഉണ്ടെന്ന് അറിയാം. കോഴിക്കോട്ട് കലക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ വരുന്ന എല്ലാ ക്യാബിനറ്റ് ദിവസവും ഇങ്ങനെ ഫേക് ന്യൂസും പൊറാട്ട് നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട് ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ. കലക്ടര്‍ എന്നത് ഡയറക്റ്റ് IAS കാരെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയര്‍ പോസ്റ്റാണെന്നും ഈയുള്ളവന്‍ ഇപ്പൊ ലേശം ഇടത്തരം സീനിയറാണെന്നും മനസ്സിലാക്കുക. തല്‍ക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുന്നതുകൊണ്ട് സമയാസമയത്ത് പ്രതികരിക്കാനൊന്നും വയ്യ. പക്ഷേ കേസ് ഗംഭീരമായി നടത്തും. അത് വാക്ക്.

DoolNews Video

We use cookies to give you the best possible experience. Learn more