India
സുരക്ഷ സ്ത്രീകളുടെ മൗലികാവകാശം: സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jan 20, 08:27 am
Sunday, 20th January 2013, 1:57 pm

ജയ്പൂര്‍: സുരക്ഷിതരായി ഇരിക്കേണ്ടത് സ്ത്രീകളുടെ മൗലികാവകാശമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചിന്തന്‍ ശിബിര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.[]

വനിതാ ശാക്തീകരണത്തിനുളള പ്രചരണം തുടരും. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണം വെറുതേയാവില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായി ജീവിക്കാനുള്ള അവകാശമുണ്ട്.

പാര്‍ലമെന്റുള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വ്യക്തിപരമായി മുന്‍കൈയെടുക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ആഗോളതലത്തില്‍ സാമ്പത്തിക മേഖലയിലുണ്ടായ രാജ്യത്തേയും ദോഷകരമായി ബാധിച്ചു. ഇതുമൂലം കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതികള്‍ അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതികളെക്കുറിച്ച് പാര്‍ട്ടിയുടെ അഭിപ്രായം ആരായന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും സോണിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് യോഗം അംഗീകരിച്ചു. യുവാക്കള്‍ കൂടുതല്‍ വെല്ലുവിളി സ്വീകരിക്കണമെന്നും സോണിയ പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സോണിയ പറഞ്ഞു.