കോട്ടയം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി ഇരുമുന്നണികളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനിടെ പത്രിക തള്ളിയത് സി.പി.ഐ.എം – ബി.ജെ.പി ഡീലിനെ തുടര്‍ന്നാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി എത്തി.
എന്നാല്‍ യു.ഡി.എഫ് – ബി.ജെ.പി സംഖ്യത്തിന്റെ തെളിവാണിതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. നേരത്തെ പത്രിക തള്ളിയത് സി.പി.ഐ.എം ബി.ജെ.പി ധാരണയുടെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു.
സംഘപരിവാറും സി.പി.ഐ.എമ്മും പലയിടങ്ങളിലും സൗഹൃദമത്സരമാണ് നടത്തുന്നതെന്നും. ബി.ജെ.പി വ്യാപകമായി വോട്ടുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
അതേസമയം പത്രികകള്‍ തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ പത്രിക തള്ളിയത്.ബി.ജെ.പിക്ക് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.ഇന്നലെ തന്നെ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു.
ദേവികുളത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. ഫോറം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: its CPI (M) -BJP deal ; Oommen Chandy with the allegation on Nomination rejection