കോട്ടയം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി ഇരുമുന്നണികളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനിടെ പത്രിക തള്ളിയത് സി.പി.ഐ.എം – ബി.ജെ.പി ഡീലിനെ തുടര്‍ന്നാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി എത്തി.
എന്നാല്‍ യു.ഡി.എഫ് – ബി.ജെ.പി സംഖ്യത്തിന്റെ തെളിവാണിതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. നേരത്തെ പത്രിക തള്ളിയത് സി.പി.ഐ.എം ബി.ജെ.പി ധാരണയുടെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു.
സംഘപരിവാറും സി.പി.ഐ.എമ്മും പലയിടങ്ങളിലും സൗഹൃദമത്സരമാണ് നടത്തുന്നതെന്നും. ബി.ജെ.പി വ്യാപകമായി വോട്ടുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
അതേസമയം പത്രികകള്‍ തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ പത്രിക തള്ളിയത്.ബി.ജെ.പിക്ക് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.ഇന്നലെ തന്നെ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു.