| Saturday, 18th May 2019, 11:17 am

ജയരാജന്റേത് മുസ്‌ലിം വിരുദ്ധ പ്രസ്താവന ; ഒരു സമൂഹത്തെ മുഴുവന്‍ സി.പി.ഐ.എം അധിക്ഷേപിക്കുന്നെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമെന്ന് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഒരു സമൂഹത്തെ മുഴുവന്‍ സി.പി.ഐ.എം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്നും വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമായിരുന്നു എം.വി ജയരാജന്റെ പ്രസ്താവന.

ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചിരുന്നു ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.

‘തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുമ്പേള്‍ തന്നെ മുഖപടം മാറ്റണം. മുഖപടം തിരിച്ചറിയാന്‍, നിങ്ങളുടെ സി.സി.ടി.വി ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, വെബ് ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, ക്യാമറയില്‍ വ്യക്തമായി പകര്‍ത്താന്‍ ക്യൂവില്‍ നില്‍ക്കുന്ന ഘട്ടം മുതല്‍ മുഖപടം തിരിച്ചറിയാന്‍ പറ്റുന്ന വിധത്തില്‍ മാറ്റണം.

തെരഞ്ഞെടുപ്പു കമ്മീഷന്‍ അങ്ങനെ തെരഞ്ഞെടുപ്പു നടത്തുമോ? പോളിംഗ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യു.ഡി.എഫിന്റെ വോട്ടു കുറയും’- ഇതായിരുന്നു ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞത്.
DoolNews Video

We use cookies to give you the best possible experience. Learn more