മാര്‍ക്കറ്റ് പിടിക്കാന്‍ എന്തും ചെയ്യും; കേരളത്തില്‍ ഇടതിനൊപ്പം നില്‍ക്കും; ദേശീയ തലത്തില്‍ ബി.ജെ.പിക്കൊപ്പവും; വിശ്വാസ്യതയ്ക്കല്ല പ്രാധാന്യമെന്നും രാജീവ് ചന്ദ്രശേഖര്‍
Kerala
മാര്‍ക്കറ്റ് പിടിക്കാന്‍ എന്തും ചെയ്യും; കേരളത്തില്‍ ഇടതിനൊപ്പം നില്‍ക്കും; ദേശീയ തലത്തില്‍ ബി.ജെ.പിക്കൊപ്പവും; വിശ്വാസ്യതയ്ക്കല്ല പ്രാധാന്യമെന്നും രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th August 2017, 1:00 pm

ന്യൂദല്‍ഹി: മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ എന്താണോ വേണ്ടത് അത് ചെയ്യൂ എന്നാണ് താന്‍ നിക്ഷേപം നടത്തിയ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശമെന്ന് രാജ്യസഭാ എം.പിയും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍.

താന്‍ നിക്ഷേപം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളെല്ലാം വളരെ ലളിതമാണ്. വിപണി പിടിച്ചടക്കാന്‍ എന്താണോ വേണ്ടത് അത് നിങ്ങള്‍ ചെയ്യണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.


Dont Miss കലാപം തടയാന്‍ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍; ബെഹ്‌റയുടെ അവകാശവാദത്തിന്റെ വാസ്തവം എത്ര? തള്ള് എത്ര?


ഒരു ഇടതുപക്ഷ ചായ്‌വാണ് വേണ്ടതെങ്കില്‍ ഇടതുചേരിയായി തന്നെ മുന്നോട്ട് പോകേണ്ടി വരും. അത് തന്നെയാണ് കേരളത്തിലെ ഏഷ്യാനെറ്റ് ചെയ്യുന്നത്. മറ്റൊരു വിപണിയില്‍ ചിലപ്പോള്‍ മറ്റു ചിലതായിരിക്കും ചിലവാകുക, അവിടെ അത് പരീക്ഷിക്കുക. അത്രയേ ഉള്ളൂ-സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

ഇടതുപക്ഷ ചായ്‌വോടെ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ കന്നഡ ചാനലിനെ സംബന്ധിച്ച് മറ്റൊരു കാഴ്ചപ്പാടുണ്ട്. റിപ്പബ്ലിക് ടിവിയെ സംബന്ധിച്ച് മറ്റൊരു കാഴ്ചപ്പാടാണ് ഉള്ളത്. ബി.ജെ.പി മുഖപത്രമാണ് റിപ്പബ്ലിക് ടിവിയെന്ന് ആളുകള്‍ പറയുന്നു. അത് വിശദീകരിക്കേണ്ടത് എഡിറ്ററാണ്. അത് ചാനലിന്റെ നിക്ഷേപകന് പറയാന്‍ കഴിയില്ല.

പ്രേക്ഷകരെ ഇത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ താങ്കള്‍ എങ്ങനെയാണ് വിശ്വാസ്യത ഉറപ്പുവരുത്തുക എന്ന ചോദ്യത്തിന് വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

വിശ്വസിനീയത എന്ന് പറയുന്നത് പ്രേക്ഷകരുടെ വലിപ്പത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ന്നുവന്നാല്‍ അതിന് വിശ്വസ്യത താനേ ഉണ്ടായിക്കോളും എന്നാണ്. ഒരു ബ്രാന്‍ഡില്‍ കുറച്ച് അധികം ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ താനേ അതിലേക്ക് എത്തിച്ചേര്‍ന്നോളും.

വാര്‍ത്തകളില്‍ നിന്നും എന്തെല്ലാം മറയ്ക്കണണെന്ന് എഡിറ്റര്‍ തീരുമാനിക്കുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ആളുകള്‍ തന്നെ ഇങ്ങോട്ട് വാര്‍ത്തയാവശ്യപ്പെടുകയാണ്. എന്നാല്‍ ചില എഡിറ്റര്‍മാര്‍ ഇത് ഇഷ്ടപ്പെടില്ല. എന്നാല്‍ അതാണ് വരാനിരിക്കുന്നത്. രണ്ട് വിദ്വാന്‍മാര്‍ ഇരുന്ന് അവര്‍ക്ക് തോന്നുന്നത് പറയുന്ന കാലമല്ല ഇനി വരാനിരിക്കുന്നത്.

റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവരോടും തന്നെ വിമര്‍ശിക്കുന്നവരോടും തനിക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.