| Tuesday, 4th February 2020, 8:53 am

'ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം'; രാജ്യത്തിനെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്ക് മോദി ഉത്തരം നല്‍കുമെന്നും അമിത്ഷായുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള രാജ്യസ്‌നേഹികളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാരും തമ്മിലാണെന്ന വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ദല്‍ഹിയിലെ പൊതുജനറാലിയില്‍ സംസാരിക്കവേയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ആരാണോ രാജ്യത്തിനെതിരെ വിരല്‍ചൂണ്ടുന്നത് മോദി സര്‍ക്കാര്‍ അവര്‍ക്ക് തക്കതായ ഉത്തരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

‘ദല്‍ഹിയെ ജനങ്ങള്‍ പോളിംഗ്‌സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അവര്‍ മനസില്‍ കരുതേണ്ടത് ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നാണ്. ഒരുഭാഗത്ത് രാഹുല്‍ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും, അവര്‍ ഷാഹിന്‍ബാഗിന്റെ കൂടെ ചേര്‍ന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. മറുഭാഗത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. അവര്‍ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശഭക്തരാണ്’, അമിത് ഷാ പറഞ്ഞു.

തങ്ങള്‍ക്ക് ജനങ്ങളോട് വ്യാജവാഗ്ദാനങ്ങള്‍ നല്‍കേണ്ട്തില്ലെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം സര്‍വ്വേ ഫലങ്ങളെല്ലാം കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആപ്പിന് അനുകൂലമാണ്.

70 സീറ്റില്‍ ആംആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് പ്രചരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് സര്‍വ്വെയിലാണ് ഈ പ്രവചനം. ഇത് പ്രകാരം ബി.ജെ.പി 10 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധ്യതയുള്ളു.

പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2015 ആവര്‍ത്തിച്ച് ആംആദ്മി അധികാരത്തിലെത്തും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more