ഇത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന: ബംഗളൂരുവില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വിവാദ പ്രസ്താവനയുമായി വീണ്ടും കര്‍ണാടക ആഭ്യന്തരമന്ത്രി
Daily News
ഇത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന: ബംഗളൂരുവില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വിവാദ പ്രസ്താവനയുമായി വീണ്ടും കര്‍ണാടക ആഭ്യന്തരമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2017, 1:45 pm

karnataka-home-minister

ബംഗളൂരു:ബംഗളൂരു നഗരത്തില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി  കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വീണ്ടും രംഗത്ത്.

ബംഗളൂരു സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന നഗരമാണ് എന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ബംഗളൂരിവിനേയും അതിനൊപ്പം തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം നടുറോഡില്‍വെച്ച് യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. നഗരത്തില്‍ ഉടനീളം 5000 സിസി ടിവിക്യാമറകള്‍ കൂടി സ്ഥാപിക്കാനായി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറയുന്നു.

പുതുവര്‍ഷാഘോഷത്തിനിടെ ബംഗലൂരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിവാദപരാമര്‍ശം നടത്തിയത്. അക്രമത്തിന് കാരണം സ്ത്രീകള്‍ തന്നെയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ധാരാളം ആളുകള്‍ വരും. പുതുവത്സരാഘോഷത്തിന് എത്തിയവര്‍ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നത്. അവര്‍ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും, അതാണ് പ്രശ്നത്തിന് കാരണമെന്നുമായിരുന്നു പരമേശ്വര അഭിപ്രായപ്പെട്ടത്.


കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്നും, മന്ത്രി രാജിവെച്ച് മാപ്പുപറയണമെന്നും സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ടു.

പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെയാണ് നഗരത്തില്‍ ലൈംഗികാതിക്രമം നടന്നത്. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി അതിക്രമം നടന്നത്. സ്ത്രീകളുടെ ശരീരത്തില്‍ കയറിപ്പിടിച്ച അക്രമികള്‍ സ്ത്രീകളെ അസഭ്യം പറഞ്ഞതായും പരാതിയുയര്‍ന്നിരുന്നു.

ഈസ്റ്റ് ബെംഗളൂരുവിലെ ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് ഡിസംബര്‍ 31-ന് രാത്രിയാണ് യുവതി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കുന്നതിന്റേയും തള്ളിയിടുന്നതിന്റേയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അക്രമികളെ കണ്ടെത്താനായി 45 സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നായിരുന്നു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.