Malayalam Cinema
'എന്നെ വിലക്കിയത് ഗൂഢാലോചനയുടെ ഭാഗം'; എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Dec 09, 06:40 am
Monday, 9th December 2019, 12:10 pm

കോഴിക്കോട്: സിനിമയില്‍ നിന്നു തന്നെ വിലക്കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നാരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

‘എല്ലാ സമയത്തും ക്ഷമിക്കാനാകില്ല. കൊല്ലും എന്നു പറഞ്ഞിട്ടുപോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരെ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണു ഞാന്‍ സഹകരിക്കില്ല എന്നു പറഞ്ഞത്.

ഞാന്‍ മാനസികമായി ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. എനിക്കു നീതി കിട്ടണം, അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയതു പ്രതിഷേധമാണ്. എനിക്കിങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എനിക്കു പ്രായവും പക്വതയും കുറവാണെന്നു പറയുന്നവരോട് ഒരു കാര്യം പറയാനുണ്ട്. എനിക്കു പ്രായം കുറവാണ്, അതുകൊണ്ട് സിനിമ തരണം എന്നാരോടും പറഞ്ഞിട്ടില്ല. എനിക്കൊപ്പം ജോലി ചെയ്ത സംവിധായകര്‍, അതും ഷാജി എന്‍. കരുണ്‍ സാറിനെപ്പോലെയുള്ളവര്‍ എന്നെ പിന്തുണച്ചാണു സംസാരിച്ചത്.

അത്ര കുഴപ്പമുള്ള ആളാണു ഞാനെങ്കില്‍ അവര്‍ അങ്ങനെ പറയുമോ? രാത്രി പന്ത്രണ്ടരയ്ക്കു വിളിച്ചു കൊണ്ടുവന്ന് ഒരുപാടു തവണ ഫോക്കസ് മാറ്റി ഷോട്ടെടുക്കുകയും ലൈറ്റിങ് മാറ്റുകയും ചെയ്തു. അതിനിടെ ഒരു പാട്ട് വെച്ചപ്പോള്‍ അവര്‍ അതു നിര്‍ത്തിവെപ്പിച്ചു. അങ്ങനെ ഒരുപാടു മാനസിക പീഡനങ്ങള്‍ അനുഭവിച്ചു.

ഞാന്‍ വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്. ബുദ്ധികൊണ്ടു പ്രതികരിക്കുന്ന ഒരു വ്യക്തിയല്ല. അതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായിത്തീര്‍ന്നത്. എനിക്കു ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.’- ഷെയ്ന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ പറഞ്ഞ കാര്യങ്ങള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കു മനസ്സിലായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് ഞായറാഴ്ച ഷെയ്ന്‍ പ്രതികരിച്ചിരുന്നു. തന്റെ പേരില്‍ വ്യാജക്കരാര്‍ വരെയുണ്ടാക്കിയെന്ന് ഷെയ്ന്‍ ആരോപിച്ചിരുന്നു.