ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍. വിദ്യാര്‍ത്ഥികളടങ്ങുന്ന ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം നാഗാലാന്റ്, ത്രിപുര, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന പ്രതിഷേധം നടന്നു.
പൗരത്വ ഭേദഗതി ബില്‍ ഉപേക്ഷിക്കണമെന്ന് ആവശ്യവുമായാണ് ജനം തെരുവിലിറങ്ങിയത്. ഇതിന് പുറമെ കൃഷക് മുക്തി സംഗ്രം സംഘടന ഓരോ വീടുകളില്‍ കയറിയിറങ്ങി ബില്ലിനെതിരെ പിന്തുണ തേടുകയും ചെയ്യുന്നുണ്ട്. ഓമ്പത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേന്ന അസം ഇടത് ജനാധിപത്യ മുന്നണി ഇന്നലെ ധര്‍ണ നടത്തുകയും ചെയ്തു. സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിവേദനം നല്‍കി.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പുറമെ ഇവിടെ മണിപ്പൂര്‍ പീപ്പിള്‍ എഗൈന്‍സ്റ്റ് സിറ്റിസണ്‍ഷിപ്പ് ബില്‍ സംഘടനയും പ്രതിഷേധം നടത്തി. ഇതിന് പുറമെ ഇന്നലെ മുതല്‍ 18 മണിക്കൂര്‍ നേരത്തേക്ക് മണിപ്പൂരില്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.
ത്രിപുര സ്റ്റുഡന്‍സ് ഫെഡറേഷന്‍, മേഘാലയിലെ ഖാസി സ്റ്റുഡന്‍സ് യൂണിയന്‍, ഓള്‍ അരുണാചല്‍ സ്റ്റുഡന്‍സ് യൂണിയന്‍, നാഗാ സ്റ്റുഡന്‍സ് ഫെഡറേഷന്‍, മിസോറാമിലെ മിസോ സിര്‍ലൈ പോള്‍ തുടങ്ങിയവരും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മിസോറാമില്‍ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിന്റി , സ്റ്റാറ്റസ് ഓഫ് മിസോറാം തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ ചേര്‍ന്നു.
തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേഗതി ബില്‍ പാസ്സാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ മുന്‍ ഭരണകാലത്തും ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബില്‍ വിവേചനപരമാണെന്ന് അന്ന് തന്നെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ആറ് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, സിഖുകാര്‍ തുടങ്ങിയവര്‍ക്ക് രേഖകളൊന്നും ഇല്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ