റോം: ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറിയതായി ഇറ്റലി. ചൈനയുടെ പദ്ധതികൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നുമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മേലോനി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. പദ്ധതിയില്‍ നിന്ന് പിന്മാറണമെങ്കില്‍ മൂന്ന് മാസം മുന്‍പ് അറിയിക്കേണ്ടതാണ്. അതനുസരിച്ച് ഇറ്റലി ഔദ്യോഗികമായി ചൈനക്ക് കത്ത് നല്‍കി.
പദ്ധതിയുടെ ഭാഗമായ ആദ്യ ജി 7 രാജ്യം കൂടിയാണ് ഇറ്റലി. യു.എസിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഇറ്റലി ചൈനയുമായി കരാര്‍ പങ്കിടുന്നത്. അതേസമയം ജോര്‍ജിയ മെലോനി പ്രധാനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബി.ആര്‍.ഐയില്‍ ചേരുന്നത് ഇറ്റലിയുടെ പരിഷ്‌കൃതവും ക്രൂരവുമായ പ്രവൃത്തിയാണെന്ന് കഴിഞ്ഞ ജൂലൈയില്‍ ഇറ്റലിയുടെ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പറഞ്ഞിരുന്നു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധവും സഹകരണവും മെച്ചപ്പെടുത്താനുള്ള ചൈനയുടെ വാണിജ്യ പദ്ധതിയാണ് ബെല്‍ ആന്‍ഡ് റോഡ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ നൂറിലേറെ രാജ്യങ്ങളുമായി ചൈന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എന്നാല്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ഏഷ്യ, യൂറോപ്പ് എന്നിവയുമായി ചൈനയെ ബന്ധിപ്പിക്കുന്ന പുരാതന സില്‍ക്ക് റോഡ് വ്യാപാര റൂട്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ ദരിദ്ര രാജ്യങ്ങളെ താങ്ങാനാകാത്ത കടങ്ങളാല്‍ തളച്ചിടുന്നതുള്‍പ്പെടെ ചൈനയുടെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ഒരു ആയുധമാണ് പദ്ധതിയെന്നും വിമര്‍ശനം ഉയര്‍ന്നു.
Content Highlight: Italy withdraws from China’s Belt and Road project