[share]
[]ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യക്കെതിരെ ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കി. നാവികരുടെ സഞ്ചാരസ്വാതന്ത്രം ഇന്ത്യ തടഞ്ഞതായും നാവികര്‍ക്കെതിരെ തെറ്റായ കുറ്റം ചുമത്തി എന്നുമാണ് യു.എന്നിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കേസെടുത്തതിനേയും ഇറ്റലി ചോദ്യംചെയ്യുന്നുണ്ട്. നാവികര്‍ കടല്‍ക്കൊള്ളക്കാരല്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ജോലിചെയ്യുന്നവരാണ് എന്നുമാണ് ഇറ്റലിയുടെ പരാതിയില്‍ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ക്കാണ് ഇറ്റലി പരാതി നല്‍കിയിരിക്കുന്നത്. പരാതി പരിഗണിക്കുമെന്ന് യു എന്‍ ഹൈക്കമ്മീഷണര്‍ ഉറപ്പുനല്കിയതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി എമ്മ ബോണിയാനോ മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ അന്താരാഷ്ട്ര കടല്‍ക്കൊള്ളനിയമവും തീവ്രവാദവിരുദ്ധനിയമവും ഉള്‍പ്പെടുന്ന സുവ നിയമമാണ് ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരിക്കുന്നത്.
സുപ്രീംകോടതി ജാമ്യം അനുവദിച്ച നാവികര്‍ ഇപ്പോള്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയത്തിലാണ് ഉള്ളത്.