ചരിത്രം ആവർത്തിക്കാൻ അസൂറിപ്പട വരുന്നു; യൂറോ മാമാങ്കത്തിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
Football
ചരിത്രം ആവർത്തിക്കാൻ അസൂറിപ്പട വരുന്നു; യൂറോ മാമാങ്കത്തിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 3:26 pm

ജൂണ്‍ 14 മുതല്‍ ജര്‍മനിയില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ കപ്പിനുള്ള ഇറ്റലി ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലൂസിയാനോ സ്‌പെല്ലേറ്റി 26 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ച കവര്‍സിയാനോ പരിശീലന ക്യാമ്പിന് വേണ്ടി 30 കളിക്കാരെ പരിശീലകന്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഡിഫന്‍ഡര്‍മാരായ ഫ്രാന്‍സെസ്‌കോ അസര്‍ബിയയും ജോര്‍ജിയോ സ്‌കാല്‍വിയയും പരിക്കിന് പിന്നാലെ ഇറ്റാലിയന്‍ സ്‌ക്വാഡിൽ നിന്നും പുറത്താവുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സീരി എ മത്സരത്തില്‍ അറ്റ്‌ലാന്‍ഡ താരം അന്റ്‌റീരീയര്‍ ക്രൂസിയേറ്റ് പരിക്കേറ്റു പുറത്തായിരുന്നു. ഇതിന് പകരം ഫെഡറികോ ഗാട്ടിയെയാണ് സ്‌പെല്ലേറ്റി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബൊളോഗ്‌ന താരം ഒര്‍സോളിനിയെ ടീമില്‍ നിന്നും ഒഴിവാക്കിയത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ സിരി എ ലീഗ് മത്സരങ്ങളില്‍ 10 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മിന്നും പ്രകടനം നടത്തിയിട്ടും താരത്തിന് ഇറ്റാലിയന്‍ ടീമില്‍ ഇടം നേടാതെ പോയത് തിരിച്ചടിയാണ് നല്‍കിയത്.

അതേസമയം മൂന്നാം യൂറോപ്യന്‍ കിരീടം ലക്ഷ്യമിട്ടാണ് സ്‌പെല്ലേറ്റിയും കൂട്ടരും യൂറോപ്പിലെ പോരാട്ട ഭൂമിയിലേക്ക് അണിനിരക്കുന്നത്. ഇറ്റലിയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ രണ്ട് തവണയാണ് യൂറോകപ്പ് നേടിയിട്ടുള്ളത്.

 

1968 ലാണ് ഇറ്റലി ആദ്യമായി യൂറോ കപ്പ് നേടുന്നത്. നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ലും ഇറ്റലി യൂറോപ്പിന്റെ നെറുകയിലെത്തി. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 3-2 എന്ന സ്‌കോറിലായിരുന്നു ഇറ്റലി ജയിച്ചു കയറിയത്.

യൂറോകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഇറ്റലി ഇടം നേടിയിട്ടുള്ളത്. ഗ്രൂപ്പില്‍ കരുത്തരായ സ്‌പെയ്നും ക്രൊയേഷ്യയും ആണ് ഇറ്റലിക്കൊപ്പം കിരീട പോരാട്ടത്തിനായി മത്സരിക്കുന്നത്. ഇരു ടീമുകള്‍ക്കും പുറമേ അല്‍ബാനിയെയും ഗ്രൂപ്പ് ബിയില്‍ ഉണ്ട്.

ജൂണ്‍ 16നാണ് യൂറോ കപ്പിലെ ഇറ്റലിയുടെ ആദ്യ മത്സരം. സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ അല്‍ബാനിയയാണ് അസൂറിപടയുടെ എതിരാളികള്‍. ഇതിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ ജൂണ്‍ 10ന് ബോസ്‌നിയയെയും ഇറ്റലി നേരിടും.

ഗോള്‍കീപ്പര്‍മാര്‍: ജിയാന്‍ലൂജി ഡോണാരുമ്മ, അലക്സ് മെറെറ്റ്, ഗുഗ്ലിയല്‍മോ വികാരിയോ

ഡിഫന്‍ഡര്‍മാര്‍: അലസ്സാന്‍ഡ്രോ ബാസ്റ്റോണി, റൗള്‍ ബെല്ലനോവ, അലസാന്ദ്രോ ബുവോന്‍ജിയോര്‍ണോ, റിക്കാര്‍ഡോ കാലഫിയോറി, ആന്‍ഡ്രിയ കാംബിയാസോ, മാറ്റിയോ ഡാര്‍മിയന്‍, ജിയോവാനി ഡി ലോറെന്‍സോ, ഫെഡറിക്കോ ഡിമാര്‍ക്കോ, ഫെഡറിക്കോ ഗാട്ടി, ജിയാന്‍ലൂക്ക മാന്‍സിനി.

മിഡ്ഫീല്‍ഡര്‍മാര്‍: നിക്കോളോ ബരെല്ല, ബ്രയാന്‍ ക്രിസ്റ്റാന്റേ, നിക്കോളോ ഫാഗിയോലി, മൈക്കല്‍ ഫോളോറുന്‍ഷോ, ഡേവിഡ് ഫ്രാട്ടെസി, ജോര്‍ജീഞ്ഞോ, ലോറെന്‍സോ പെല്ലെഗ്രിനി.

ഫോര്‍വേഡ്സ്: ഫെഡറിക്കോ ചീസ, സ്റ്റീഫന്‍ എല്‍ ഷരാവി, ജിയാകോമോ റാസ്പഡോറി, മറ്റെയോ റെറ്റെഗി, ജിയാന്‍ലൂക്ക സ്‌കാമാക്ക, മത്തിയ സക്കാഗ്‌നി.

Content Highlight: Italy Squad for 2024 Euro Cup