| Thursday, 21st July 2022, 4:05 pm

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇറ്റലിയില്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിവെച്ചു. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലായിരുന്നു ഡ്രാഘി വ്യാഴാഴ്ച രാജിവെച്ചത്.

സര്‍ക്കാര്‍ നടത്തിയ വിശ്വാസ വോട്ടെടുപ്പ് പ്രധാന സഖ്യകക്ഷികള്‍ ബഹിഷ്‌കരിച്ചതോടെയാണ് പ്രധാനമന്ത്രി രാജിവെച്ചത്. സെന്റര്‍- വലത് പാര്‍ട്ടികളായ ഫോര്‍സ ഇറ്റാലിയ, ലീഗ്, പോപുലിസ്റ്റ് പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് എന്നിവയായിരുന്നു സെനറ്റില്‍ വെച്ച് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

വ്യാഴാഴ്ച രാവിലെയാണ് ഡ്രാഘി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലക്ക് രാജി സമര്‍പ്പിച്ചത്.

എന്നാല്‍ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരാന്‍ ഡ്രാഘി സര്‍ക്കാരിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

നേരത്തെ തന്നെ ഡ്രാഘി സര്‍ക്കാരിന് സഖ്യകക്ഷിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു.
ഇതിന് പിന്നാലെ ഡ്രാഘി പ്രസിഡന്റിന് രാജി സമര്‍പ്പിച്ചിരുന്നെങ്കിലും പ്രസിഡന്റ് രാജി സ്വീകരിച്ചിരുന്നില്ല.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയോട് പ്രസിഡന്റ് നിര്‍ദേശിച്ചത്.

വിലക്കയറ്റത്തെ നേരിടുന്നത് സംബന്ധിച്ചുള്ള തന്റെ പദ്ധതിയിന്മേല്‍ നടത്തുന്ന വിശ്വാസ വോട്ടെടുപ്പില്‍ മരിയോ ഡ്രാഘി സര്‍ക്കാരിനെ പിന്തുണക്കാന്‍ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് വിസമ്മതിച്ചതോടെയായിരുന്നു നീക്കം. 23 ബില്യണ്‍ യൂറോയുടെ (19.5 ബില്യണ്‍ പൗണ്ട്) സാമ്പത്തികസഹായ പദ്ധതിയായിരുന്നു ഇത്.

എന്നാല്‍ ഇറ്റലിയിലെ ജനങ്ങള്‍ക്ക് വേണ്ടത്ര സഹായം സര്‍ക്കാരോ പ്രധാനമന്ത്രിയോ നല്‍കുന്നില്ല എന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല എന്നുമായിരുന്നു ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് ആരോപിച്ചത്.

2021 ഫെബ്രുവരിയിലായിരുന്നു മരിയോ ഡ്രാഘിയുടെ നേതൃത്വത്തില്‍ ഇറ്റലിയില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്. ഇടത്, വലത്, പോപുലിസ്റ്റ് പാര്‍ട്ടികളടങ്ങിയതായിരുന്നു സര്‍ക്കാര്‍.

കൊവിഡാനന്തരം രാജ്യത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് ഡ്രാഘിയെ നിയമിച്ചത്.

Content Highlight: Italy’s Prime minister Mario Draghi resigns after government implodes

We use cookies to give you the best possible experience. Learn more