ഡബ്ലിൻ: ഗസയിൽ വെടിനിർത്തലിനെ ഇറ്റലി പിന്തുണക്കണമെന്നവശ്യപ്പെട്ട് പ്രമേയം പാസാക്കി ഇറ്റാലിയൻ പാർലമെന്റ്. മാനുഷികപരാമായ കാരണങ്ങളാൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന ഏത് നീക്കത്തെയും സർക്കാർ പിന്തുണക്കണമെന്ന് പ്രമേയത്തിൽ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
‘ഈ സമയത്ത് ഇസ്രഈലിന്റെ പ്രതികരണം ശരിയായതല്ല. ഹമാസുമായി ബന്ധമില്ലാത്ത ധാരാളം ഇരകളുണ്ട്,’ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.
ഗസയിൽ നിന്ന് സിവിലിയന്മാരെ രക്ഷിക്കുവാൻ മാനുഷിക ഇടനാഴികൾ സൃഷ്ടിക്കുന്ന പദ്ധതികൾക്ക് ഇറ്റലി പിന്തുണ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഗസയിൽ ഇസ്രഈൽ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് സ്പെയിനും അയർലൻഡും കത്തെഴുതിയിരുന്നു.
യൂറോപ്യൻ യൂണിയൻ/ഇസ്രഈൽ അസോസിയേഷൻ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഇരുകക്ഷികളുടെയും ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് മനുഷ്യാവകാശങ്ങളും ജനാധിപത്യം മൂല്യങ്ങളും ആദരിക്കുക എന്നതാണെന്ന് ചൂണ്ടിക്കട്ടിയായിരുന്നു കത്തെഴുതിയത്.
യൂറോപ്യൻ യൂണിയനും ഇസ്രഈലുമായുള്ള വ്യാപാര ബന്ധം ഉടലെടുത്തത് ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. 1995ൽ ഒപ്പുവെച്ച കരാർ 2000ത്തിലാണ് നിലവിൽ വന്നത്.
കത്ത് ലഭിച്ചതായും പരിഗണിക്കുമെന്നും യൂറോപ്യൻ കമ്മീഷൻ വക്താവ് അരിയാന പോടസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു. കരാറിലെ മനുഷ്യാവകാശ ഘടകങ്ങൾ എങ്ങനെ വിലയിരുത്തുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യ വക്താവ് നബീല മസ്രാലി അറിയിച്ചു.
നിലവിൽ തെക്കൻ ഗസയിലേക്കും ഇസ്രഈൽ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ 14 ലക്ഷത്തോളം ഫലസ്തീനികൾ റഫയിൽ കുടുങ്ങിയിരിക്കുകയാണ്.
Content Highlight: Italy’s Parliament calls on gov’t to support Gaza ceasefire