| Friday, 9th April 2021, 12:19 pm

സിനിമയ്ക്ക് കത്തിവെയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; സെന്‍സര്‍ഷിപ്പ് നിരോധിച്ച് ഇറ്റലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. 1913 മുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയ, സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന നിയമമമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

1913ലെ നിയമത്തിലുള്ളതു പോലെ അക്ഷരം പ്രതി സെന്‍സര്‍ഷിപ്പ് രാജ്യത്ത് അടുത്ത കാലത്തൊന്നും നടപ്പിലാക്കുന്നില്ലെങ്കിലും വളരെ പ്രധാനപ്പെട്ട നടപടിയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഡാരിയോ ഫ്രാങ്ക്‌സ്ചിനി പറഞ്ഞു. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമായിരുന്നു അതെന്നും ഡാരിയോ അഭിപ്രായപ്പെട്ടു.

രാഷ്ട്രീവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദേശ ചിത്രങ്ങളടക്കം അനേകം സിനിമകളാണ് ഇറ്റലിയില്‍ പല കാലഘട്ടങ്ങളിലായി നിരോധിക്കപ്പെട്ടത്. രാജ്യത്തെ സാംസ്‌കാരിക മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം 1944 മുതല്‍ 274 ഇറ്റാലിയന്‍ സിനിമകളും 130 അമേരിക്കന്‍ സിനിമകളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 സിനിമകളും ഇറ്റലിയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പതിനായിരിത്തിലേറെ ചിത്രങ്ങളില്‍ നിന്നും ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്.

സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതോടെ ഇനി മുതല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഏത് പ്രായക്കാര്‍ക്കുള്ള സിനിമയാണ് തങ്ങളുടേതെന്ന് വ്യക്തമാക്കിയാല്‍ മതിയാകും.

ഇതിനൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ വിദഗ്ധരും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുമടങ്ങുന്ന കമ്മിറ്റി ചിത്രം കണ്ട് സിനിമ ഏത് കാറ്റഗറിയ്ക്ക് അനുയോജ്യമാണെന്ന് അറിയിക്കും.

കാലങ്ങളായി സിനിമ മേഖല ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ഇറ്റലിയിലെ സിനിമാ പ്രവര്‍ത്തകരുടെ സംഘടന അറിയിച്ചു. തങ്ങള്‍ സെല്‍ഫ് റെഗുലേഷനില്‍ ശ്രദ്ധ പുലര്‍ത്തുമെന്നും ഇവര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Italy removes censorship for movies

We use cookies to give you the best possible experience. Learn more